ബഷീര്‍ സാഹിത്യത്തിലെ 'വിശപ്പ്'
- ലിങ്ക് സ്വന്തമാക്കുക
- X
- ഇമെയില്‍
- മറ്റ് ആപ്പുകൾ
ബഷീര്‍ സാഹിത്യത്തിലെ 'വിശപ്പ്'
സുനില്‍ പി. മതിലകം
സുനില്‍ പി. മതിലകം
മലയാള സാഹിത്യത്തില്‍ ഇന്നും ഏറെ വായിക്കപ്പെടുന്ന, ചര്‍ച്ചചെയ്യപ്പെടുന്ന എഴുത്തുകാരനാണ് വൈക്കം മുഹമ്മദ് ബഷീര്‍. പഴയ തലമുറക്കാര്‍ക്കു മാത്രമല്ല പുതിയ തലമുറക്കാരായ വായനക്കാര്‍ക്കും ബഷീര്‍ സാഹിത്യം പ്രിയങ്കരം തന്നെ. 1945-ല്‍ പ്രസിദ്ധീകരിച്ച ബഷീറിന്റെ 'ജന്മദിനം' എന്ന കഥാസമാഹാരത്തിലെ ഒരു കഥയാണ് 'ജന്മദിനം'. ലോകസാഹിത്യത്തില്‍ എന്നപോലെ ഇന്ത്യന്‍ സാഹിത്യത്തിലും മലയാള സാഹിത്യത്തിലും 'വിശപ്പ്' ഒരു പ്രമേയമായി വന്ന ഒട്ടേറെ കൃതികള്‍ നമുക്ക് സുപരിചിതമാണ്.
ബഷീറിന്റെ 'ജന്മദിനം' എന്ന കഥ ആ ഗണത്തില്‍പ്പെടുന്ന ഒന്നെന്നു മാത്രമല്ല, ബഷീറിന്റെ ശ്രദ്ധേയമായ രചനകളില്‍ ഒന്നുകൂടിയാണ്. ഇതിലെ കഥാനായകന് ബഷീറാണെന്ന പ്രത്യേകത കൂടിയുണ്ട് ഈ കഥയ്ക്ക്.
സ്വാതന്ത്ര്യസമരകാലഘട്ടത്തില്‍ അന്യനാട്ടില്‍ വിപ്ലവ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളോട് ഐക്യപ്പെട്ട് എഴുത്ത് ജീവിതം നയിക്കുന്ന ബഷീര്‍. ലോഡ്ജ് അന്തേവാസിയായ കഥാകാരന്റെ ഒരു ജന്മദിനത്തിലെ സംഭവ വികാസങ്ങളാണ് ഈ കഥയ്ക്കാധാരം. ഡയറിയിലെ സമയക്രമത്തിലാണ് കഥയുടെ രൂപഘടന.
നേരത്തെ എഴുന്നേറ്റ് കുളികഴിഞ്ഞ് വെള്ള ഖദര്‍ഷര്‍ട്ടും വെള്ള ഖദര്‍മുണ്ടും വെള്ള ക്യാന്‍വാസ് ഷൂം ധരിച്ച് ചാരുകസേരയില്‍ വേവുന്ന ഹൃദയത്തോടെ മലര്‍ന്നു കിടക്കുന്ന കഥാനായകനെ നമുക്ക് കാണാം.
ജന്മദിനത്തില്, രാവിലെ ഒരു ചൂടുചായയ്ക്കെന്തു വഴിയെന്ന ആലോചനയിലാണ് കഥാനായകന്.
വാടക കൊടുക്കുന്നതില്‍ വീഴ്ചവരുത്തുന്ന, അല്ലെങ്കില്‍ അതില്‍ കൃത്യത പാലിക്കാത്ത ബഷീറിനോട് കെട്ടിട ഉടമയ്ക്ക് വലിയ മതിപ്പില്ല. ഇഷ്ടമില്ലാത്ത മറ്റു രണ്ട് കൂട്ടരുകൂടിയുണ്ട്. ഒരാള്‍ ഹോട്ടല്‍കാരനും മറ്റേത് സര്‍ക്കാരും!
അതിന് കാരണം പറയുന്നത് നോക്കുക:
''ഹോട്ടല്കാരനാണെങ്കില് ഞാന്‍ കുറച്ചു പണം കൊടുക്കുവാനുണ്ട്. സര്‍ക്കാരിന് ഒന്നുമില്ല. എങ്കിലും എന്നെ കണ്ടുകൂടാ...''
വാടക കൃത്യമായി കൊടുക്കാത്തതിന് കെട്ടിട ഉടമയും ഭക്ഷണം കഴിച്ച വകയില്‍ കടം വീട്ടാത്തതിനാല്‍ ഹോട്ടല്‍ ഉടമയും ഇഷ്ടമില്ലാത്തവരാകുന്നതില് സ്വാഭാവികത കണ്ടെത്തുന്ന കഥാകാരന് സര്‍ക്കാര്‍ സ്വന്തം പൗരനെ ശത്രുവായി കാണുന്നതിലെ വൈരുദ്ധ്യം ബോധ്യപ്പെടാന്‍ പ്രയാസമുണ്ട്.
എത്ര നര്‍മ്മത്തോടെയാണ് ബഷീര്‍ ഇവിടെ എക്കാലത്തും പൗരന്മാരെ, ശത്രുപക്ഷത്ത് നിര്‍ത്തുന്ന ഭരണകൂടത്തിന്റെ അനീതിയെ വരച്ചിടുന്നത്!
വിളക്ക് കത്തിക്കുവാനുള്ള എണ്ണയില്ലാത്തതിനാല്‍ കിടക്കപ്പായയില്‍നിന്ന് എഴുന്നേറ്റ് കായലോരത്തെ ഏകാന്തമായ വിളക്കുകാലില്‍ ചാരിയിരുന്നാണ് പിന്നിട്ട ആ ദിനങ്ങളിലെ ഡയറി എഴുതി തുടങ്ങുന്നത്.
പിറന്നാള്‍ ദിനമായ അന്ന് ആരോടും കടം വാങ്ങാന്‍ പാടില്ലായെന്നും ഈ ദിനമെങ്കിലും കളങ്കമില്ലാതെ സൂക്ഷിക്കണമെന്നും മനസ്സിലുറപ്പിക്കുന്നുണ്ട്. ജീവിതം മുന്നോട്ട് പോകുന്നത് പലരോടും കടപ്പെട്ടിട്ടാണെന്നുള്ള സൂചനയാണ് കഥാകാരന് ഇവിടെ നല്‍കുന്നത്.
ഉച്ചസമയത്തിന്റെ ചൂടില്‍ ക്ഷീണത്തിന്റെ മഹാഭാരവും പേറിയിരിക്കുന്ന ബഷീറിന്റെ മുന്നിലേക്ക് മെതിയടി വില്‍ക്കാനായി ഏഴും പത്തും വയസ്സായ രണ്ട് പയ്യന്മാര് കടന്നുവരുന്നു. ജോടിക്ക് മൂന്നണയെ വിലയുള്ളൂ.
ബഷീര്‍ അവരോടായി പറയുന്നു:
''വേണ്ട കുഞ്ഞുങ്ങളേ...''
''അന്നാലും സാറിനെപ്പോലുള്ളോരു വാങ്ങീലെങ്കി പിന്നാരാ വാങ്ങണേ...'' എന്ന അവിശ്വാസം, സ്ഫുരിക്കുന്ന കൊച്ചുമുഖങ്ങളെയോര്ത്ത് കഥാകാരന് ആലോചിക്കുന്നുണ്ട്.
ഈ വേഷവും ചാരുകസേരയിലെ എന്റെ കിടപ്പും കണ്ടിട്ടാകാം അവരത് പറഞ്ഞത്... സാര്‍ എന്ന വിളിപോലും ഒരു പരിഹാസമായി സ്വയം തോന്നുകയാണ് ബഷീറിന്.
ഈ വേഷം പോലും എന്റേതേല്ലതെന്ന ആത്മവിചാരത്തില്‍ ഭാരതമാകെ അലഞ്ഞു നടന്ന് കഷ്ടപ്പെടുന്ന കാലത്തെകൂടി ഓര്ക്കുന്നുണ്ടിവിടെ.
ജന്മദിനത്തിലെ ബഷീറിനുള്ള ആകെ ആശ്വാസം കവിയും ധനികനുമായ ഹമീദ് എന്ന പരിചയക്കാരന് ഉച്ചയൂണിന് ക്ഷണിച്ചിട്ടുള്ളതെന്നാണ്.
വിശപ്പിന്റെ വല്ലായ്മയില്‍, ചായകുടിക്കാത്തതിനാല് തലയ്ക്കകത്തിരുന്ന ചുളുചുളാ കുത്തുന്ന തലവേദനയോടുകൂടി, ഒരു മൈല്‍ നടന്നിട്ടാണെങ്കിലും വയര്‍ നിറയെ ഇന്ന് ഒന്നുണ്ണാമല്ലോ എന്നഭിനിവേശമാണുള്ളത്. എന്നാല്‍ ഹമീദിന്റെ കടയില്‍ ചെല്ലുമ്പോള്‍ അവിടെ അയാളെ കാണുന്നില്ല.
''എന്നെയും കൊണ്ടുപോകുകയായിരുന്നു യോഗ്യത, ഒരു പക്ഷേ അദ്ദേഹം മറന്നുപോയിരിക്കും.'' എന്നാശ്വാസം കണ്ടെത്തുന്നുണ്ടെങ്കിലും ഹമീദിന്റെ വീട്ടില്‍ ചെന്ന് മുട്ടിവിളിക്കുമ്പോള്‍ അയാള്‍ അവിടെയില്ലെന്നും പുറത്തുപോയിരിക്കയാണെന്നും ഇനി സന്ധ്യക്കേ അയാള്‍ തിരികെ എത്തുകയുള്ളുവെന്ന് അറിയുന്നു. അവിടെ നിന്നുള്ള തിരിച്ചുനടത്തത്തെക്കുറിച്ച് കഥാകാരന് എഴുതുന്നു:
''ഞാന്‍ തിരിഞ്ഞു നടന്നു. പൊള്ളുന്ന കുഴഞ്ഞ പഞ്ചസാരമണ്ണ്. അതുകഴിഞ്ഞ് കണ്ണാടിച്ചില്ലുപോലെ വെട്ടിത്തിളങ്ങുന്ന കായല്‍പ്പരപ്പ്. കണ്ണും തലയും ഇരുട്ടിച്ചുപോയി! വല്ലാത്ത വിഷമം, അസ്ഥികള്‍ വേവുന്നു! ദാഹം! വിശപ്പ്! ആര്‍ത്തി! ലോകം വിഴുങ്ങാന്‍ ആര്‍ത്തി. കിട്ടാന്‍ വഴിയില്ല എന്ന ധാരണയാണ് ഇത്രയും മൂര്‍ച്ചകൂട്ടുന്നത്.
എണ്ണമില്ലാതെ രാപ്പകലുകള്‍ എന്റെ മുമ്പില്‍! ഞാന്‍ തളര്‍ന്നു വീണുപോയേക്കുമോ? തളരാന്‍ പാടില്ല. നടക്കുക! നടക്കുക!''
വിശപ്പിന്റെ വെറളിയില് നീങ്ങുമ്പോള്‍ മുന്നിലൂടെ കടന്നുപോകുന്ന പരിചയക്കാരെല്ലാം കണ്ടഭാവം നടിക്കുന്നില്ലെന്ന് ആലോചിക്കുന്ന ബഷീര്‍, പിന്നീട് ചെല്ലുന്നത് പണ്ട് പത്രാധിപരും ഇപ്പോള്‍ കച്ചവടക്കാരനുമായ മി. പി. യുടെ അടുത്തേക്കാണ്.
''വിപ്ലവം ഒക്കെ എത്രടമായി'' എന്നാണ് കണ്ടമാത്രയില്‍ അയാളുടെ പരിഹാസ ധ്വനിയാണ് കഥാകാരനെ സ്വീകരിക്കുന്നത്.
ഇന്നും ഈ പരിഹാസം പലയിടത്തായി നമുക്ക് കേള്‍ക്കാം. എഴുത്തുകാരും, കലാകാരന്മാരും പൊതു പ്രവര്‍ത്തകരും അത് കേട്ടുകൊണ്ടിരിക്കുന്നുണ്ട്.
''എനിക്ക് ഒരു ചൂടുചായ വേണം. ഞാന്‍ വളരെ അവശനായിരിക്കുന്നു.'' എന്ന് അയാളുടെ മുന്നില്‍ ചെന്നിരിക്കുമ്പോള്‍ അതിയായി ആഗ്രഹിക്കുന്നുണ്ട്.
ഒരണയെടുത്ത് അയാള്‍ ഒരു പയ്യന്റെ പക്കല്‍ കൊടുത്ത്, ചായ വരുത്തി കുടിക്കുവാന്‍ തുടങ്ങുമ്പോള്‍ ബഷീറിനോട് ചോദിക്കുന്നു:
''നിങ്ങള്‍ക്ക് ചായ വേണോ?''
''വേണ്ട''യെന്ന് മറുപടി പറഞ്ഞൊഴിയുമ്പോള്‍ അന്നേരത്തെ മുഖം കാണാതിരിക്കുവാനും മനഃക്ഷോഭം അയാള്‍ അറിയാതിരിക്കുവാനുമായി ഷൂസിന്റെ ലേസ് മുറുക്കാനെന്ന നാട്യത്തില്‍ കുനിഞ്ഞിരിക്കുകയാണ് കഥാകാരന്.
ഒരു ചായയെങ്കിലും നുണഞ്ഞിറക്കാന്‍ ആര്‍ത്തിപൂണ്ടിരിക്കുന്ന ഒരു മനുഷ്യനോടാണ് മറ്റൊരു മനുഷ്യന്റെ ഈ സമീപനമെന്ന് നാം ഓര്‍ക്കണം. അത് നേരിടേണ്ടി വരുന്ന മനുഷ്യന്റെ മാനസികാവസ്ഥ ബഷീര്‍ വരച്ച് വെച്ചിരിക്കുന്നത് നോക്കുക. രാകിമിനുക്കിയ ആ വാക്കുകളുടെ മൂര്‍ച്ച അപാരം തന്നെ.
സുഗന്ധം പൂശിയ അപരിചിതയായ ഒരു സ്ത്രീ ബഷീറിന്റെ മുറിയുടെ വാതിലില്‍ എത്തുന്നുണ്ട്. ഒറ്റയ്ക്കു താമസിക്കുന്ന ഒരാളില്‍, ആ ആഗമനം തെറ്റായ ചെയ്തികളിലേക്ക് മാറാവുന്ന സന്ദര്‍ഭം. ആ സ്ത്രീസാന്നിധ്യം കഥാകാരനില്‍ ആളിപ്പടര്‍ന്ന് നാഡീഞരമ്പുകളിലെങ്ങും വ്യാപിച്ചതായതായും സൂചിപ്പിക്കുന്നുമുണ്ട്.
''സഹോദരീ, എന്റെ പക്കല്‍ ഒന്നുമില്ല. നിങ്ങള്‍ വേറെ ആരടുത്തെങ്കിലും ചെന്നുചോദിക്കൂ. എന്റെ പക്കല്‍ ഒന്നുമില്ല.''
''ഒന്നുമില്ലേ?'' അവര്‍ വീണ്ടും.
''ഇല്ല.''
എന്നിട്ടും അവള് പോകാതെ നിന്നപ്പോള്‍ ബഷീര്‍ ഉച്ചത്തില്‍ പറയുന്നു:
''പൊക്കോളൂ, ഒന്നുമില്ല'' എന്നാണ്.
അവള് പരിഭവത്തോടെ കുണുങ്ങിക്കുണുങ്ങി നടന്നുപോകുമ്പോള്‍ അവളില്‍നിന്ന് പുറപ്പെടുന്ന പരിമളം ശ്വസിച്ച് നിര്‍വൃതിയടയുന്നു:
വെള്ളപൊക്കകെടുതിയിലകപ്പെട്ട ഒരു കുടുംബത്തില്‍ നിന്നാണ് ആ സ്ത്രീ സഹായം ചോദിച്ചെത്തുന്നത്. എന്നാല്‍ അവരുടെ പെരുമാറ്റത്തില്‍നിന്ന് ആ സഹായം സ്വന്തം ശരീരം കാഴ്ചവച്ചെട്ടെങ്കിലും കിട്ടണമെന്ന രീതിയിലാണ്. കഥാകാരന്റെ വേഷവിധാനങ്ങള്‍ കണ്ടാല്‍ ധനികനാണെന്ന് കരുതുന്നതില്‍ തെറ്റില്ല. കാമദാഹത്തേക്കാള് ബഷീറിനെ അന്നേരം അലട്ടിക്കൊണ്ടിരുന്നത് ആളിക്കത്തുന്ന വിശപ്പായിരുന്നു.
വറ്റിവരണ്ട, നാവുതാണുപോകുന്ന അവസ്ഥയില്‍ ചില പത്രാധിപന്മാരുടെ കത്തുകള്‍ വന്നതായി കാണുന്ന ബഷീര്‍, അവ അലക്ഷ്യമായി നീക്കിവയ്ക്കുന്നു. കഥകള്‍ ഉടനെ കിട്ടണം. മടക്കത്തപാലില്‍ കിട്ടണം! എന്നെല്ലാമാണ് ആ കത്തുകളില്‍ പറയുന്നത്. ഈ സമയത്താണ് അടുത്ത മുറിക്കാരനായ ക്ലര്‍ക്ക് കൃഷ്ണപിള്ളയുടെ വേലക്കാരന് പയ്യന് ഒരു തീപ്പെട്ടിക്കോല് ചോദിച്ച് മുറിയിലെത്തുന്നത്.
അവനെക്കൊണ്ട് ഒരു ഗ്ലാസ്സ് വെള്ളം വരുത്തിച്ചു ബഷീര്‍ കുടിച്ചു.
കഥാകാരന്റെ മട്ടും മാതിരിയും കണ്ടിട്ടായിരിക്കണം പതിനൊന്നു വയസ്സുകാരനായ ആ പയ്യന് ചോദിക്കുന്നു
''സാറിനു സൊകമില്ലേ...''
''സുഖക്കേടൊന്നുമില്ലന്ന്'' മറുപടി പറയുന്നു.
''പിന്നെ- സാറുണ്ടില്ലേ'' എന്ന് പയ്യന് വീണ്ടും
''ഇല്ല''ന്ന് മറുപടി.
'എന്റേ രണ്ടണേണ്ട്' എന്നും ഞാന്‍ വരുന്ന മാസത്തില്‍ വീട്ടിപോവുമ്പം സാറു തന്നേച്ചാ മതി എന്നും പയ്യന് പറയുന്നു.
ബഷീറിന്റെ മനസ്സ് അത് കേട്ടപ്പോള്‍ വിങ്ങി, അല്ലാഹുവിനെ സ്തുതിക്കുകയാണ്.
വിശപ്പ് അനുഭവിച്ചവനെ വിശന്നിരിക്കുന്ന മറ്റൊരു മനുഷ്യനെ കണ്ടാല്‍ മനസ്സിലാകൂവെന്ന് ഇവിടെ കഥാകാരന് പറയാതെ പറഞ്ഞുവയ്ക്കുകയാണ്. ചില സന്ദര്‍ഭത്തില്‍ ദൈവങ്ങളുടെ സ്ഥാനത്ത് പ്രത്യക്ഷപ്പെടുന്നത് മനുഷ്യരൂപങ്ങളാകും, ആ പയ്യനെപ്പോലെ...
രാഷ്ട്രീയ പ്രവര്‍ത്തകനായ ഗംഗാധരന് കടന്ന് വന്ന് ബഷീറിന്റെ ചാരുകസേരയിലെ കിടപ്പ് കണ്ട് ചോദിക്കുന്നു:
''അമ്പട! നീ വലിയ ബൂര്‍ഷ്വാ ആയിപ്പോയല്ലോ?'' അയാളുടെ ആ പറച്ചിലോര്ത്ത് ചിരി വരുന്നില്ലെങ്കിലും ചിരിച്ചുപോകുകയാണ് ബഷീര്‍... ആ വാക്കിന്റെ നിരര്ത്ഥകതയോര്ത്താകാം ചിരിച്ചുപോയത്.
അവര്‍ പിന്നെ രാജ്യത്തെ രാഷ്ട്രീയ സംഭവവികാസങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നു.
ഏതോ മീറ്റിങ്ങില്‍ പങ്കെടുക്കുവാന്‍ പോകുവാന്‍ ബോട്ടുകൂലിയായി ഒരണവേണമെന്നും ഇന്ന് ഒന്നും കഴിച്ചിട്ടില്ലെന്നും ഭക്ഷണം വാങ്ങിത്തരണമെന്നും അയാള്‍ ബഷീറിനോട് ആവശ്യപ്പെടുന്നു.
ബഷീര്‍ തന്റെ നിസ്സഹായവസ്ഥ അയാളോട് വെളിപ്പെടുത്തുന്നു.
ഇതിനിടയില്‍ പയ്യന് വരുന്നു. ഒരണ കഥാകാരന് കൈയില്‍ വാങ്ങുകയും ബാക്കി ഒരണ ചായയും ബീഡിയും ദോശയും കൊണ്ടുവരാന്‍ പയ്യനോട് പറയുന്നു.
അവര്‍ രണ്ടുപേരും വരുത്തിച്ച, ദോശ പങ്കിട്ട് കഴിക്കുന്നു. ഒരേ ഗ്ലാസ് പച്ചവെള്ളം അവര്‍ കുടിക്കുന്നു. പിറകെ കുറേശ്ശേ ചായയും, അതിന്ശേഷം ഒരു ബീഡി കത്തിച്ച് പുകവിടുന്നു.
ഗംഗാധരന് മടങ്ങുമ്പോള്‍, ആവശ്യപ്പെട്ട ഒരണ കൊടുക്കുന്നു.
അക്കാലത്തെ രാഷ്ട്രീയ പ്രവര്‍ത്തകരുടെ ഒരു ചിത്രം ഗംഗാധരന്റെ ആഗമനത്തില്നിന്ന് നമുക്ക് വായിച്ചെടുക്കാം.
എത്രയില്ലെങ്കിലും ഉള്ളത് പങ്കിട്ട് അപരന് കൊടുക്കുവാനുള്ള മനസ്സും നമുക്കതില്‍ കാണാം.
വൈകുന്നേരം ഒരു പോലീസുകാരന് വന്ന് ബഷീറിനെ കൂട്ടിക്കൊണ്ടുപോകുന്നു.
കണ്ണഞ്ചിപ്പിക്കുന്ന പെട്രോമാക്സ് വിളക്കിന്റെ മുന്നില്‍ ഇരുത്തി ബഷീറിനെ പോലീസ് കമ്മീഷണര്‍ ഒരു മണിക്കൂര്‍ ചോദ്യംചെയ്യുന്നു. വരുന്ന എഴുത്തുകളെക്കുറിച്ചും ഗവണ്മെന്റിനെ തകിടം മറിക്കാനുള്ള ഗൂഢസംഘത്തിലെ അംഗമല്ലേയെന്നും പുതുതായി എന്തൊക്കെയാണ് എഴുതുന്നതെന്നും അയാള്‍ ചോദിക്കുന്നു.
രാത്രിയില്‍ മുറിയില്‍ തിരികെയെത്തുന്ന കഥാകാരന് രാവിലെ എടുത്ത പ്രതിജ്ഞ തെറ്റിക്കുവാന്‍ തീരുമാനിക്കുന്നുണ്ട്.
ആരുടെയെങ്കിലും പക്കല്‍ നിന്ന് ഒരുറുപ്പിക കടം വാങ്ങാന്‍ തീരുമാനിക്കുന്നു.
ലോഡ്ജിലെ അന്തേവാസിയായ മാത്യുവിനെ അന്വേഷിച്ച് ചെന്നെപ്പോള്‍ അയാള്‍ സിനിമയ്ക്ക് പോയതറിയുന്നു. അവിടെനിന്ന് തിരിയ്ക്കവേ കെട്ടിടത്തിന്റെ മുകള്‍ത്തട്ടില്‍ പൊട്ടിച്ചിരികളും വര്‍ത്തമാനങ്ങളും കേള്‍ക്കുന്നു. അവിടേക്ക് ബഷീര്‍ കയറിച്ചെല്ലുകയാണ്.
കോളേജില്‍ പഠിക്കുന്ന പിള്ളേരാണ്. അവരുമായി പല വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നു. ഇതിനിടയില്‍ ഒരു തുണ്ടുകടലാസെടുത്ത് ''ഒരുറുപ്പിക വേണം - വളരെ അത്യാവശ്യമായിട്ടാണ്. രണ്ടുമൂന്നു ദിവസത്തിനകം തിരിച്ചു തന്നേക്കാം..'' എന്നൊരു കുറിപ്പെഴുതുന്നു.
ചര്‍ച്ച സാഹിത്യത്തിലേക്കു കടന്നപ്പോള്‍ കൂട്ടത്തിലെ സ്വര്ണ്ണക്കണ്ണടക്കാരന് പറയുന്നു:
''നിങ്ങളുടെയൊക്കെ കഥകള്‍ വായിച്ചാല്‍ ലോകത്തിനെന്തോ വലിയ തകരാറൊക്കെയുണ്ടെന്നു തോന്നിപ്പോകും.''
ഈ ചോദ്യം ഇന്നും നമുക്കിടയില്‍ പലരും ചോദിച്ചുകൊണ്ടിരിക്കുന്ന ചോദ്യമാണ്. നമ്മള് എന്തിനു എഴുതുന്നു... വായിക്കുന്നു... ചിന്തിക്കുന്നു... സമരം ചെയ്യുന്നു... പ്രസംഗിക്കുന്നു.. അതെല്ലാം അലോസരമാകുന്ന ഒരു വര്‍ഗ്ഗം ഇവിടെ നിലനില്‍ക്കുന്നുണ്ട് എന്നുള്ളതുകൊണ്ടാണ് ഇത്തരം ബാലിശ ചോദ്യങ്ങള്‍ തനിയാവര്ത്തനങ്ങളാകുന്നത്.
സ്വര്ണ്ണക്കണ്ണടക്കാരന്റെ വാക്കുകള്‍ കേട്ടപ്പോള്‍ ബഷീറിന് വലിയൊരു പ്രസംഗം അവരുടെ മുമ്പില്‍ നടത്താമെന്ന് തോന്നിപ്പോകുന്നുവെങ്കിലും എല്ലാം അടക്കി വെയ്ക്കുകയാണ്. കടം ചോദിച്ച ആ കുറിപ്പ് മറ്റാരും കാണാതെ ആ സ്വര്ണ്ണക്കണ്ണടക്കാരന് കൊടുത്തു. ''ആ കുറിപ്പ്, അവന് വായിക്കുമ്പോള്‍ എന്റെ ഭാവനചൂടുപറക്കുന്ന ചോറിന്റെ മുമ്പില്‍ ഹോട്ടലില്‍ ഇരിക്കുന്നതായി'' ബഷീര്‍ ആലോചിക്കുന്നുണ്ട്. കുറിപ്പ് വായിച്ച സ്വര്ണ്ണക്കണ്ണടക്കാരന് എല്ലാവരും കേള്ക്കത്തവിധത്തില് പറയുന്നു:
''സോറി-ചെയിഞ്ച് ഒന്നുമില്ല...''
നിരാശയോടെ, തളര്‍ച്ചയോടെ, അതിലുപരി അഭിമാനക്ഷമതയോടെ താഴെയിറങ്ങി കഥാകാരന് മുറിയിലേക്ക് തിരിക്കുന്നു.
ബഷീര്‍ എഴുതി:
ഞാന്‍ പായ് വിരിച്ചു കിടന്നു. പക്ഷേ, കണ്ണുകള്‍ അടയുന്നില്ല. തലയ്ക്കു നല്ല വിങ്ങലും. എങ്കിലും ഞാന്‍ കിടന്നു. ലോകത്തിലെ നിസ്സഹായരെപ്പറ്റി ഞാന്‍ ഓര്‍ത്തോ... എവിടെയെല്ലാം എത്രയെത്ര കോടി സ്ത്രീ പുരുഷന്മാര്.. ഈ സുന്ദരമായ ഭൂഗോളത്തില്‍ പട്ടിണികിടക്കുന്നു! അക്കൂട്ടത്തില്‍ ഞാനും. എനിക്കെന്താണൊരു പ്രത്യേകത? ഞാനും ഒരു ദരിദ്രന്. അത്രതന്നെ. അങ്ങനെ വിചാരിച്ചു കൊണ്ടുകിടക്കുമ്പോള് എന്റെ വായില്‍ ഉമിനീര് നിറഞ്ഞു. മാത്യുവിന്റെ അടുക്കളയില്‍ കടുകുവറുക്കുന്ന ശബ്ദം. വെന്തുമലര്‍ന്ന ചോറിന്റെ വാസനയും!''
മാത്യുവിന്റെ വേലക്കാരന് വൃദ്ധന് ഈ സമയം വാതില്‍ചാരി പുറത്തെ പൈപ്പിന്ച്ചോട്ടില് വെള്ളം എടുക്കാന്‍ പോയ തക്കംനോക്കി കഥാകാരന് മാത്യുവിന്റെ അടുക്കളയില്‍ കയറുന്നു. ഭക്ഷണം മോഷ്ടിച്ച് കഴിക്കുന്നു. സംതൃപ്തമായ നിറഞ്ഞ വയറോടെ വിയര്‍ത്തുകുളിച്ച് പുറത്തേക്കിറങ്ങി പൈപ്പിന്ച്ചോട്ടില് ചെന്ന് വെള്ളം കുടിച്ച് കൈകാലുകളും മുഖവും കഴുകി മുറിയില്‍ തിരിച്ചെത്തി ഒരു ബീഡി കത്തിച്ച് വലിക്കുന്നു.
ആ സുഖസംതൃപ്തിയിലും ഒരു വല്ലായ്മ ബഷീറിന് തോന്നുന്നുണ്ട്. ആലോചന മറ്റൊന്നും കൊണ്ടല്ല.
ബഷീര്‍ ആലോചിക്കുകയാണ്:
''വൃദ്ധന് അതറിഞ്ഞു കാണുമോ? എങ്കില്‍ മാത്യു അറിയും. ഒപ്പം അവിടത്തെ മറ്റേ അന്തേവാസികളും വിദ്യാര്‍ത്ഥികളും ക്ലര്‍ക്കുമാരും അറിയും, അതൊരു കുറച്ചിലാകും. ഏതായാലും വരുന്നത് വരട്ടെയെന്ന് മനസ്സിലുറപ്പിച്ച് ഉറങ്ങാന്‍ കിടന്നു.''
വിശപ്പിന്, മുന്നില്‍ മനുഷ്യന്റെ എല്ലാ ദുരഭിമാനങ്ങളും അഴിച്ചുവെയ്ക്കപ്പെടുകയാണിവിടെ. അടങ്ങാത്ത വിശപ്പ്, അതിന്റെ ആര്‍ത്തി ഒരാളെ അരുതാത്തത് പലതും ചെയ്യിക്കുമെന്ന് ഇവിടെ വെളിപ്പെടുകയാണ്.
മയക്കത്തിലേക്ക് നീങ്ങിയപ്പോള്‍ മുറിയുടെ നേരെ ആരോ വരുന്നതായി ബഷീര്‍ കാണുന്നു. അത് മാത്യുവാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ കഥാകാരന്റെ വിയര്‍പ്പ് പൊട്ടി. ഉറക്കം പമ്പകടന്നു. ഉണ്ടതൊക്കെ ദഹിച്ചു. അന്നേരം മാത്യു ചോദിക്കുന്നു:
''നിങ്ങള്‍ ഊണു കഴിച്ചോ? എനിക്കു തീരെ വിശപ്പില്ല. ചോറുവെറുതെയാവും. വന്ന് ഊണു കഴിക്കൂ... വഴിക്കു ഞങ്ങളൊന്ന് 'മോഡേണ്‍' ഹോട്ടലില്‍ കയറി.''
''താങ്ക്സ്-ഞാന്‍ ഊണു കഴിച്ചു.''
ബഷീര്‍ ഒരുവിധം മറുപടി പറയുന്നു.
മാത്യു കണ്ട സിനിമയെക്കുറിച്ച് ഈ സന്ദര്‍ഭത്തില്‍ ബഷീറിനോട് സൂചിപ്പിക്കുന്നുണ്ട്.
''ഐസേ, സിനിമയ്ക്കു പോയിരുന്നു. വിക്ടര്‍ ഹ്യൂഗോവിന്റെ 'പാവങ്ങള്‍' നിങ്ങള്‍ കാണേണ്ട ഒന്നാംതരം ചിത്രമാണ്?''
വിശപ്പുകൊണ്ട് തന്റെ കൂടെപ്പിറപ്പുകള്‍ക്കായി റൊട്ടി മോഷ്ടിക്കുന്ന ഒരു ബാലന്റെ കഥകൂടിയാണല്ലോ 'പാവങ്ങള്‍' എന്ന വിശ്വസാഹിത്യ ക്ലാസിക് കൃതി.
'ജന്മദിനം' എന്ന കഥയില്‍ വിശപ്പ് എന്ന വികാരം മനുഷ്യരില്‍ സൃഷ്ടിക്കുന്ന ജീവിതാവസ്ഥകള്‍ ബഷീര്‍ പലയിടത്തും വരച്ചിട്ടിരിക്കുന്നു. നീണ്ടകഥയാണെങ്കിലും ഓരോ വാക്കും ചെത്തിക്കൂര്‍പ്പിച്ച് രാകിമിനുക്കിയാണ് ബഷീര്‍ എന്ന എഴുത്തുകാരന് പ്രയോഗിച്ചിട്ടുള്ളത്.
മനുഷ്യനെയല്ല, സാമൂഹ്യാവസ്ഥകളെയും ഇക്കഥ വിചാരണചെയ്യുന്നു. ഭാവതീവ്രതയാര്‍ന്ന എഴുത്തിന്റെ പ്രഹരത്തില്‍ വായനക്കാര്‍ തരിച്ചിരുന്നുപോകുന്ന ഒരു കഥയാണ് 'ജന്മദിനം'.
- ലിങ്ക് സ്വന്തമാക്കുക
- X
- ഇമെയില്‍
- മറ്റ് ആപ്പുകൾ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ