ബാലചന്ദ്രൻ ചുള്ളിക്കാടിൻ്റെ "ചിദംബര സ്മരണ "


ചിദംബര സ്മരണ-
ചുള്ളിക്കാടിന്റെ ജീവിതപ്പുസ്തകം

സുനില്‍ പി. മതിലകം

ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ പദ്യത്തെപ്പോലെതന്നെ ഹൃദയത്തെ തൊടുന്നതാണ് ഗദ്യവും. മലയാളത്തിലെ മികച്ച ഗദ്യകൃതികളില്‍ ഒന്നായി 'ചിദംബര സ്മരണ' മാറുന്നത് അങ്ങനെയാണ്. (ചിദംബര സ്മരണയുടെ പത്തൊന്‍പതാം പതിപ്പാണ് എന്റെ മുന്നിലുള്ളത്, ഡി.സി.ബുക്‌സ്).
ബാലചന്ദ്രന്‍ ചുള്ളിക്കാട് പറയുന്നതുപോലെ 'ജീവിതം ഒരു മഹാത്ഭുതമാണ്. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്ന്. അത് നിങ്ങള്‍ക്കായി എപ്പോഴും കാത്തുവെയ്ക്കുന്നു.' 'ചിദംബര സ്മരണ'യിലൂടെ  കടന്നുപോകുമ്പോള്‍ ഈ വാക്കുകള്‍ കൂടുതല്‍ ബോദ്ധ്യപ്പെടാതിരിക്കില്ല. നോവും വേവും വിതുമ്പലും കണ്ണീര്‍ച്ചാലുമായി സത്യസന്ധതയോടെ ആ വാക്കുകള്‍ മലയാളം ദര്‍ശിച്ച മികച്ച കവികളില്‍ ഒരാളായ ചുള്ളിക്കാട് എന്ന കാവ്യവിസ്മയം വായനക്കാര്‍ക്കായി പകര്‍ത്തിവെച്ചിരിക്കുകയാണ് 'ചിദംബര സ്മരണ'യില്‍. അരാജകജീവിതം നയിച്ച ഒരു കവിജീവിതം... അതെല്ലാം ഓര്‍ക്കാന്‍പോലും ധൈര്യപ്പെടാത്തവര്‍ക്കിടയിലെ വേറിട്ട ഒരുവ്യക്തിത്വം.. പറയാന്‍ അറയ്ക്കുന്ന പല കാര്യങ്ങള്‍ പോലും പങ്കുവയ്ക്കാന്‍ മടിക്കാത്ത ഒരെഴുത്തുകാരനെ നമുക്ക് ഈ ഓര്‍മ്മപ്പുസ്തകത്തില്‍ കണ്ടെത്താനാവും.
'പിറക്കാത്ത മകന്' എന്ന കവിതയുടെ രചനയ്ക്കു നിദാനമായ 'ഭ്രൂണഹത്യ'യെക്കുറിച്ചുള്ളു ഉള്ള് പൊള്ളിക്കുന്ന കുറിപ്പില്‍നിന്നാണ് 'ചിദംബര സ്മരണ' ആരംഭിക്കുന്നത്. 1981 - ലെ ഒരു സന്ധ്യയും മഹാരാജാസ് ഹോസ്റ്റലിന്റെ വാതില്‍ക്കല്‍ ഹതാശനായിനിന്ന ബാലചന്ദ്രന്‍ എന്ന വിദ്യാര്‍ത്ഥിയേയും ആജാനുബാഹുവായ അഡ്വ. ജോസഫ് പുതുശ്ശേരി എന്ന ദൈവതുല്യനായ മനുഷ്യനേയും 'ഏത് നാടകമായിരുന്നു അത്' എന്ന ഒരദ്ധ്യായത്തില്‍ കണ്ടുമുട്ടുമ്പോള്‍, വിശപ്പെന്ന മഹാവ്യാധി കൊണ്ടെത്തിക്കുന്ന അവസ്ഥാന്തരങ്ങളെ വരച്ചിട്ട 'ഇരന്നുണ്ട ഓണം' വായിച്ചുകഴിയുമ്പോള്‍, വിതുമ്പലടക്കാന്‍ പാടുപെടും. വിഷം കുത്തിവെച്ച് ആത്മഹത്യ ചെയ്ത മെഡിക്കല്‍ വിദ്യാര്‍ത്ഥിയായിരുന്ന ജയനെ ഓര്‍മ്മയിലെത്തിച്ച ഡോ. ലളിതയുമായുള്ള അമേരിക്കയിലെ റോച്ചസ്റ്റര്‍ നഗരത്തിലെ യാദൃച്ഛിക സമാഗമത്തില്‍, ലളിതയുടെ കണ്ണുകളില്‍ നനവിന്റെ ഒരു മിന്നായമായി മാറുന്ന കവിയെ നമുക്ക് കാണാം.
മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരി മാധവിക്കുട്ടിയെ തിരുവനന്തപുരത്തെ വീട്ടില്‍പ്പോയി കണ്ട കാര്യമെഴുതുന്ന 'രാജകുമാരിയും യാചകബാലനും'. ബാലന്‍ ഒന്നും കഴിച്ചിട്ടില്ലെന്നും മുഖം കണ്ടാലറിയാമെന്നും നഖം വെട്ടി, സോപ്പിട്ട് കൈ നന്നായി കഴുകി വരാന്‍ പറയുന്ന, ചോറും കറികളും വീണ്ടും വീണ്ടും വിളമ്പി ഊട്ടിയ, സ്‌നേഹവും വാത്സല്യവും വേണ്ടോളം നല്‍കുന്ന മാധവിക്കുട്ടിയെന്ന എഴുത്തുകാരിയെ നമുക്കിവിടെനിന്നറിയാം. കരച്ചിലടക്കാന്‍ കഴിയാത്ത ബാലചന്ദ്രന്‍ എന്ന കവിയെയും അടുത്തറിയാം.
തന്റെ സമകാലീനനായ, അത്രയൊന്നും അറിയപ്പെടാത്ത ഒരു കവി - കിടങ്ങറ ശ്രീവത്സന്‍, അവതാരികയ്ക്കായി സമര്‍പ്പിച്ച കവിതകള്‍ വായിച്ച് വിസ്മയപ്പെടുന്നു ചുള്ളിക്കാട്. ബില്‍ അടയ്ക്കാന്‍ കഴിയാത്തതിനാല്‍ ഏതോ മിഷനാശുപത്രിയില്‍ പണയവസ്തുവാക്കപ്പെട്ട ഒരമ്മയും രണ്ടു കുഞ്ഞുങ്ങളും അവരുടെ ഏകാശ്രയമായ, ലോകത്തോടു യാതൊരു പരാതിയോ പരിഭവമോ പകയോ ഇല്ലാതെ നിര്‍വികാരനായി ഇരിക്കുന്ന ആ കവിക്കുമുന്നില്‍ ചിതറിപ്പോകുന്നതുമൊക്കെ ഇതില്‍ അനുഭവിച്ചറിയാം.
ഓരോ മനുഷ്യനിലും ഗുരുസ്മരണ വ്യത്യസ്ത തലത്തിലുള്ളതാകാം. വ്യവസ്ഥിതിയോടും കാലത്തോടും നിരന്തരം കലഹിക്കുമ്പോഴും കുത്തഴിഞ്ഞ ജീവിതം ജീവിച്ചുതീര്‍ക്കുമ്പോഴും തന്റെ പ്രിയപ്പെട്ട ഗുരുവിനെ മരണശയ്യയില്‍ സന്ദര്‍ശിക്കുന്ന ഒരു സന്ദര്‍ഭമുണ്ടിതില്‍. ബാലചന്ദ്രന്‍ ചുള്ളിക്കാടിന് കവികൂടിയായ ഗുരുനാഥന്‍ കവിത ചൊല്ലി കേള്‍പ്പിക്കുന്നു. ഗുരുനാഥന്‍ പറയുന്നു:
''കൃമികര്‍ണ്ണങ്ങളില്‍ കവിത കേള്‍പ്പിക്കരുത്. നിന്റെ കര്‍ണ്ണങ്ങള്‍ ശുദ്ധമാണ്. അതാണ് ഞാന്‍ നിന്നെ കേള്‍പ്പിക്കുന്നത്''.
മരണത്തെ കാത്തുകിടക്കുന്ന ആ ഗുരു പിന്നീട് ചുള്ളിക്കാടിനെക്കൊണ്ടും കവിത ചൊല്ലിപ്പിച്ച് നിര്‍വൃതികൊള്ളുന്നതും അനുഗ്രഹിക്കുന്നതുമായ നിമിഷങ്ങളെക്കുറിച്ച്, ജി.എന്‍.പിള്ള എന്ന ഗുരുനാഥനെക്കുറിച്ച് ചുള്ളിക്കാട് സ്മരിക്കുന്നുണ്ട്.
പൂര്‍വ്വസൂരികളായ കവികള്‍ - പി. കുഞ്ഞിരാമന്‍നായരെയും വൈലോപ്പിള്ളിയേയും വായിക്കുകയും ആദരിക്കുകയുമൊക്കെ ചെയ്യുന്ന ഈ കവിയെ നമുക്കേറെ പരിചിതമാണ്. പി. കുഞ്ഞിരാമന്‍നായരെ ആദ്യമായി കണ്ടുമുട്ടുന്നതും ഇതില്‍ വരഞ്ഞിടുന്നുണ്ട്. കവിതയ്ക്കായി ജീവിച്ച രണ്ടു കവികളുടെ പരസ്പരാദരവിന്റെയും അനുകമ്പയുടെയും ചിത്രം കാണാമിവിടെ. പുഷ്പവര്‍ഷത്തിനുപകരം അഞ്ചിന്റെയും രണ്ടിന്റെയും പത്തിന്റെയും നൂറിന്റെയും ഏതാനും ചുരുട്ടിയ നോട്ടുകള്‍കൊണ്ടും ധനവര്‍ഷം നടത്തി മറഞ്ഞുപോയ മഹാപ്രഭുവെന്നു ചുള്ളിക്കാട് വിശേഷിപ്പിക്കുന്ന കവി പി. കുഞ്ഞിരാമന്‍നായര്‍ ഒരു കാവ്യവിസ്മയമായി വായനക്കാരില്‍ നിറയുന്നു.
വിശന്ന പരവേശത്തില്‍ പോക്കറ്റില്‍ ഒരു നാണയത്തുട്ടുപോലുമില്ലാതെ ബ്രാഹ്‌മണ ഹോട്ടലില്‍ കയറുന്നതും കഴിച്ച മസാലദോശയ്ക്ക് അരച്ചാക്ക് സവാള തൊലികളഞ്ഞുകൊടുക്കേണ്ടിവന്ന അപമാനിതനും നിന്ദിതനുമായ ചുള്ളിക്കാടിന് ഹോട്ടല്‍ ഉടമയില്‍നിന്ന് ലഭിച്ച ഉപദേശം ''കാശില്ലെങ്കില്‍ മെഡിക്കല്‍ കോളെജില്‍ പോ. ചോര വിറ്റാല്‍ കാശ് കിട്ടും'' എന്നാണ്.
പതിനഞ്ചുരൂപയ്ക്ക് ചോരവില്‍ക്കുന്ന കവിയെ, ചോര വില്‍ക്കാന്‍ വന്ന മറ്റൊരാളുടെ ദയനീയാവസ്ഥ പിടിച്ചുലയ്ക്കുന്നു. അയാളുടെ രോഗശയ്യയിലായ പെങ്ങള്‍കുട്ടിക്ക് മരുന്നുവാങ്ങാന്‍ പണം തികയാതെ വരുമ്പോള്‍, തനിക്ക് ചോര വിറ്റുകിട്ടിയ പതിനഞ്ച് രൂപ കൂടി നല്‍കേണ്ടിവരുന്ന ഹൃദയസ്പര്‍ശിയായ ഒരനുഭവം നമുക്കായി പങ്കുവെയ്ക്കുമ്പോള്‍ മനുഷ്യന്റെ ചോരയുടെ യഥാര്‍ത്ഥവില എന്തെന്ന് ചോദിക്കുന്നുണ്ട് ചുള്ളിക്കാട്. ഇങ്ങനെ എത്രയെത്ര പച്ചയായ മനുഷ്യജീവിതസന്ദര്‍ഭങ്ങളാണ് 'ചിദംബര സ്മരണ'യില്‍ പകര്‍ത്തപ്പെട്ടിരിക്കുന്നത്.
രാധികയുടെ പ്രേമത്തെ അറിയാതെ സൗന്ദര്യത്തെ മാത്രം കൊതിച്ചതും കോളെജ് ജീവിതകാലത്ത് തന്റെ സീനിയറും ജീനിയസ്സുമായ മോഹനന്‍ എന്ന കൂട്ടുകാരനെ മറ്റൊരു കാലസന്ധിയില്‍ നാറുന്ന ഭ്രാന്തനായി കാണേണ്ടിവന്നതും കുളിപ്പിച്ച് മുടിവെട്ടിപ്പിച്ച് ഭക്ഷണം വാങ്ങിക്കൊടുത്ത് ഉപേക്ഷിക്കേണ്ടിവന്നതും അയ്യാവുചെട്ടിയാരുടെ അഗ്‌നിക്കാവടിയും സ്വന്തം അമ്മയുടെ സങ്കടങ്ങളെക്കുറിച്ചോര്‍മ്മപ്പെടുത്തുന്ന വൃദ്ധയും എഴുപത്തിരണ്ട് വര്‍ഷം ഒന്നിച്ചു ജീവിച്ചിട്ടും മതിവരാതെ, കൈവിടാതെ ജീവിക്കുന്ന രംഗസ്വാമിയും കനകാംബാളും കയറിപ്പിടിച്ചപ്പോള്‍ കൈവീശി ചെകിട്ടത്ത് ആഞ്ഞടിച്ച 'എന്തു വിചാരിച്ചെടാ പട്ടീ' എന്ന അലര്‍ച്ചയില്‍ കാതടപ്പിച്ചതും തെന്നിന്ത്യന്‍ അടക്കിവാണ ശിവാജി ഗണേശന്‍ എന്ന അതുല്യ നടനവൈഭവ വിസ്മയത്തിന്റെ അതിഥിയായതും ഓരോ മകന്‍ കൊല്ലപ്പെടുമ്പോഴും ഓര്‍മ്മയ്ക്കായി ഓരോ വിരല്‍ സ്വയം മുറിച്ചുകളഞ്ഞ 'മഹാത്മാഗാന്ധിയുടെ ആത്മകഥ' അന്വേഷിച്ചിറങ്ങിയ ദക്ഷിണാഫ്രിക്കക്കാരിയായ മാര്‍ത്ത അമ്മൂമ്മയും, ബാല്യകാല കൂട്ടുകാരനായ കുഞ്ഞാപ്പുവിനെയും പാതി വെന്തുപോയ ഷാഹിനയെന്ന കോളെജിലെ പഴയ സഹപാഠിയെയും മന്ത്രവാദം പഠിക്കാന്‍ പോയ ദുരനുഭവങ്ങളും... അങ്ങനെയങ്ങനെ അനേകങ്ങളായ ജീവിതങ്ങളെയാണ് 'ചിദംബര സ്മരണ'യില്‍ അനുഭവിപ്പിക്കുന്നത്... നമ്മുടെ മറ്റൊരു എഴുത്തുകാരനും ഇത്തരമൊരു ഓര്‍മ്മയെഴുത്തിനു  മുതിരുമെന്നുതോന്നുന്നില്ല...

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

റഹ്‌മാന്‍ വാടാനപ്പള്ളി

കല്ലിൽ ഒളിഞ്ഞിരുന്നത്