കല്ലിൽ ഒളിഞ്ഞിരുന്നത്

കുട്ടികൾക്കൊരു കഥ
കല്ലില്‍ ഒളിഞ്ഞിരുന്നത്
✒️
 സുനില്‍ പി. മതിലകം

കുഞ്ഞനാനയുടെയും കുഞ്ഞനുറുമ്പിന്റെയും പ്രഭാതസവാരിക്കിടയിലാണ് ഒരു വലിയ കരിങ്കല്ല് ശ്രദ്ധയില്‍പ്പെട്ടത്. ഇതിനു മുമ്പൊന്നും ഇതിവിടെ കണ്ടിട്ടില്ലെന്നവരോര്‍ത്തു.
'' ഇതാരപ്പാ, ഈവഴീല് കൊണ്ടിട്ടത്''?
കുഞ്ഞനാന കുഞ്ഞനുറുമ്പിനോടു തിരക്കി.
''ഏതോയൊരു ശില്‍പ്പിയായിരിക്കും കൊണ്ടിട്ടത്.''
കുഞ്ഞനുറമ്പ് തൻ്റെ വിവരം വെളിപ്പെടുത്തുന്ന ഗൗരവത്തോടെ പറഞ്ഞു.
'' ശില്‍പ്പിയോ, അതാരടാ നമ്മളറിയാത്തൊരു പുതിയ കക്ഷി...''
കുഞ്ഞനാന ആകാംഷയോടെ ആരാഞ്ഞു.
'' അതയേ, കലാകാരനെന്നൊക്കെ കേട്ടിട്ടണ്ടൊ. എന്നേം നിന്നേം ഒക്കെ പുസ്തകത്തിലൊക്കെ വരയ്ക്കണപോലെ കല്ലില്‍ ശില്‍പ്പം കൊത്തിയെടുക്കുന്ന കലാകാരനാണ് ഈ ശില്‍പ്പി''
കല്ലിന്മേല്‍ പിടിച്ചു വേച്ചു കയറിയ കുഞ്ഞനുറുമ്പ് എവറസ്റ്റ് കീഴടക്കിയവനെപ്പോലെ ഞെളിഞ്ഞുനിന്ന്, കുഞ്ഞനാനയോടായി പറഞ്ഞു.
'' ഈ  വെറുമൊരു കരിങ്കല്ലിന്മേലാ കല... !''
കുഞ്ഞനാനയുടെ സന്ദേഹം ഇപ്പോഴും വിട്ടകന്നിട്ടില്ല.
'' നിന്നെ പറഞ്ഞു മനസ്സിലാക്കാന്‍ എന്നെക്കൊണ്ടാവില്ലേ...ദേ, ആ വരുന്ന ആളാണ് ശില്‍പ്പിയെന്നു തോന്നുന്നു...നമുക്ക് മാറി നിന്നു നോക്കാം.''
കുഞ്ഞനാനയും കുഞ്ഞനുറുമ്പും ഒരു വലിയ മരത്തിന്റെ പിറകില്‍ മറഞ്ഞുനിന്നു.
ദൂരെനിന്നു നടന്നടക്കുന്ന അയാളെ അവര്‍ ശ്രദ്ധിച്ചു. മെലിഞ്ഞുണങ്ങിയ ഒരാള്‍രൂപം. തോളില്‍ ഒരു സഞ്ചി തൂങ്ങിക്കിടപ്പുണ്ട്.  അയാള്‍ കല്ലിനടുത്തെത്തി. തോള്‍സഞ്ചി താഴെവെച്ചു. അതില്‍നിന്ന്  ഒരു ഉളിയും ചുറ്റികയും പുറത്തെടുത്തു.
ഉളികൊണ്ട് ആ ശിലയില്‍ കൊത്താന്‍ തുടങ്ങി...
'' ഇതാണോ ശില്‍പ്പവും കലയുമൊക്കെ...ഇയാള്‍ക്ക് പ്‌രാന്തന്നാ തോന്നണ്...വെറുതെ കല്ലില്ലിട്ട് കൊത്താന്‍ തുടങ്ങിയിട്ട് നേരത്രയായി...''
കുഞ്ഞനാന പിറുപിറത്തു.
'' നീയൊന്ന് ക്ഷമിക്കിഷ്ടാ...ഇടുത്തോ പിടച്ചോ എന്നമട്ടില്‍ കലയുണ്ടാകോ...ഏത് ശിലയിലും ഒരു ശില്‍പ്പം ഒളിഞ്ഞിരുപ്പുണ്ടാകും. അതിലെ ആവശ്യമില്ലാത്ത ഭാഗങ്ങള്‍ കൊത്തിനീക്കി, ശില്‍പ്പത്തെ പുറത്തേക്കുകൊണ്ടുവരികയാണ് ശില്‍പ്പി ചെയ്യുന്നത്...തെല്ലിടക്കഴിഞ്ഞാ നമുക്കത് നേരില്‍ കാണാം...പോരെ കുട്ടിക്കുറുമ്പാ...''
കുഞ്ഞനുറുമ്പിന്റെ വാക്കുകളൊന്നും കുഞ്ഞനാനയെ തൃപ്തിപ്പെടുത്തിയില്ല. ഏതായാലും നനഞ്ഞിറങ്ങിയില്ലെ, ഇനി കുളിച്ചുകയറാം എന്ന വിചാരത്തോടെ കാത്തിരിക്കാന്‍ തന്നെ കുഞ്ഞനാന ഉറച്ചു.
സന്ധ്യ മയങ്ങാന്‍ തുടങ്ങിയപ്പോള്‍ ശില്‍പ്പി പണിനിര്‍ത്തി, ഉളിയും ചുറ്റികയും സഞ്ചിയില്‍ എടുത്തുവച്ചു. അയാള്‍ അവിടെനിന്നു നീങ്ങിയപ്പോള്‍ കുഞ്ഞനാനയും കുഞ്ഞനുറുമ്പും പുറത്തേക്കുവന്നു. ആ കാഴ്ചകണ്ട, കുഞ്ഞനാനയ്ക്ക് തന്റെ കണ്ണുകളെ വിശ്വാസിക്കാനായില്ല!
''കടിയാ...നീ കണ്ടോ, ആ കരിങ്കല്ല് ഒരു വനദേവതയായി മാറി...''
കുഞ്ഞനാനയ്ക്കു അത്ഭുതം അടക്കാനായില്ല.
'' ഏതുശിലയിലും ഒരു ശില്‍പ്പമുണ്ടെന്നും അതുകണ്ടെത്തി പ്രകാശിപ്പിക്കുന്നതാണ് കലയെന്നും ഞാന്‍ പറഞ്ഞതിപ്പൊ നിനക്കു ബോധ്യമായില്ലെ...?''
കുഞ്ഞനാന കുഞ്ഞനുറുമ്പിനു മുന്നില്‍ തലയാട്ടി സമ്മതിച്ചു...

------------------------------------------------------
സുനില്‍ പി. മതിലകം, പി.ഒ. മതിലകം, തൃശൂര്‍-680 685
ഫോണ്‍ : 9645593084

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

റഹ്‌മാന്‍ വാടാനപ്പള്ളി

ബാലചന്ദ്രൻ ചുള്ളിക്കാടിൻ്റെ "ചിദംബര സ്മരണ "