ജീവിതം ഹൃദയത്തെ തൊടുമ്പോൾ /രാകേഷ്‌നാഥ്


ജീവിതം ഹൃദയത്തെ തൊടുമ്പോള്‍
രാകേഷ്‌നാഥ്

(സുനില്‍ പി. മതിലകം എഴുതിയ നോവല്‍ 'ഹൃദയംതൊടുന്നവിരലുകള്‍) എന്ന കൃതിയെക്കുറിച്ചുള്ള നിരൂപണം...

കേരളത്തിന്റെ തൊണ്ണൂറുകള്‍ക്കുശേഷം സംഭവിച്ച സാമൂഹ്യ, സാംസ്‌കാരിക മാറ്റം ഒരു സോഷ്യല്‍ പുസ്തകം നമുക്കു മുന്നില്‍ വെളിപ്പെടുത്തുന്നു. ആവിഷ്‌കാരവും വെളിപ്പെടുത്തലും രണ്ടാണ്. ആ വിധത്തില്‍ സാമൂഹ്യ പരിഷ്‌കാരണത്തിനും സാമൂഹ്യശുദ്ധിക്കുമാണ് നോവലിസ്റ്റ് നോവലില്‍ പ്രാധാന്യവും പ്രാമുഖ്യവും കൊടുത്തിട്ടുള്ളത്.
ഇറച്ചിക്കൂട്ടില്‍നിന്നും ഒരു കോഴിയെ തെരഞ്ഞുപിടിക്കുന്ന ദൃശ്യത്തോടെയാണ് നോവല്‍ ഒന്നാംഭാഗം ആരംഭിക്കുന്നതുതന്നെ. ഇറച്ചി സംസ്‌കാരത്തില്‍ ആത്മാവും മനസ്സും സ്ഥാനഭ്രഷ്ടരാണല്ലോ. ഇറച്ചി, മരണം, കൊല, ഭക്ഷണ സംസ്‌കാരം എന്നീ വിധത്തിലുള്ള ബിംബസൂചന നോവലിന്റെ മൊത്തംഭാവം പ്രകടമാക്കുന്നു. ചങ്ങലപോലെ ചുറ്റിക്കിടക്കുന്ന ജീവിതത്തെ ചങ്ങലയില്‍ നിന്ന് മുക്തനാക്കുന്ന കഥാപാത്രങ്ങളേയും കഥാപരിസരത്തെയുമാണ് നോവലിസ്റ്റ് തന്റെ ഹൃദയത്തിന്റെ ഭാഷയില്‍ ഇവിടെ ചിത്രീകരിച്ചിട്ടുള്ളത്.
ഷാജിയാണ് പ്രധാന കഥാപാത്രം.പ്രവാസിയായി മടങ്ങിവന്നതിനുശേഷം നാടിന്നും സമൂഹത്തിനുംബന്ധങ്ങള്‍ക്കും,പ്രണയത്തിനുമെല്ലാം സംഭവിച്ച മാറ്റം ഉള്‍ക്കൊള്ളാനാകാതെഹൃദയത്തെ എന്തു ചെയ്യണമെന്നറിയാതെ,ഉള്‍ത്തുടിപ്പുകളുടെവേദനയോടെ നിലകൊള്ളുന്നഷാജിയുടെ ജീവിത ചിത്രം വായനക്കാരുടെയിടയില്‍ എന്നും ഓര്‍മ്മിക്കപ്പെടും.അതിലളിതമായഭാഷയോടെയാണ് ജീവിതത്തെയും ജീവിതത്തിലെ വേദനകളേയും നോവലില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
വീടെന്ന അഭയം, ഉയരിന്റെ ഉശിര്,അളന്ന്തിട്ടപ്പെടുത്തുന്നത്,സ്മരണകളിരമ്പും രണസ്മാരകങ്ങള്‍ തെരുവില്‍ കേട്ടത്,പുതിയവീട്,അന്തിക്കൂട്ടത്തേക്കുള്ള വഴി,തീര്‍പ്പ്,മണ്ണിട്ടു മൂടിയത്,ഹൃദയം സാക്ഷി, കടത്തില്ലാത്ത കടവ്, പ്രണയകാലത്തെ നിലാവെളിച്ചം,സ്‌കൂള്‍ മുറ്റം, ഇവിടെ രാഷ്ട്രീയം പറയണം, ഉച്ചപ്രാന്ത്, മായകാഴ്ച എന്നിങ്ങനെയുള്ള ശീര്‍ഷകങ്ങളിലൂടെ പന്ത്രണ് അധ്യായങ്ങളിലാണ് നോവല്‍ നിലകൊള്ളുന്നത്. ഓരോ അനുഭവ വിചാരങ്ങളിലൂടെയും ഷാജി കടന്നുപോകുമ്പോഴും തണലിടംപോലെ ചിത്രരചന അഥവാ ഇല്ലസ്‌ട്രേഷന്‍ ഈ നോവല്‍ വായനക്ക് കുളിര്‍മ്മ നല്‍കുന്നു, തീര്‍ച്ച. ഇല്ലസ്‌ട്രേഷനുകള്‍ക്ക് പ്രത്യേകം പേര് നല്‍കിയതിലും അച്ചടിയുടെ മികവ് പ്രകടമാണ്.
ഷാജിയുടെ ഹൃദയവേദനയുടെ കഥ ഒരുഭാഗമായി നിലകൊള്ളുമ്പോള്‍ത്തന്നെ കേരളത്തിന്റെ, മലയാളിയുടെ മറന്നുപോയ, സ്വസംസ്‌കാര ജീവിതത്തിന്റെ, ചിത്രം കൂടി ഈ നോവല്‍ പുസ്തകം മുന്നോട്ടുകൊണ്ടുവരുന്നു. മീന്‍കാരന്‍ വരുന്നതിലൂടെ ജീവിതത്തിന്റെ ആഘോഷം, ദാരിദ്ര്യം എന്നിവ ചൂണ്ടിക്കാട്ടുന്നു. പ്രവാസം കഴിഞ്ഞുള്ള കാറിലെ യാത്രയില്‍ 'ജയിലിലായിരുന്നു' എന്നു പറയുന്നിടത്ത് ഡ്രൈവറുടെ മൗനം വായനക്കാരുടെ, മലയാളിയുടെ മൗനമായി  ചിതറുന്നു.വീടും ഉമ്മയും മാത്രമാണ് തണലാകുന്നതെന്നും ഒരു പുരുഷജന്മം തിരിച്ചറിയുന്നു.പക്ഷേ,വീടിന്നകത്തും പ്രശ്‌നങ്ങള്‍ സങ്കീര്‍ണ്ണമായിനിലകൊള്ളുന്നു.വ്യക്തിത്വം,തൊഴില്‍,സത്രീധനപ്രശ്‌നം, രോഗങ്ങള്‍,വാര്‍ധക്യം തുടങ്ങിയവ. പ്രവാസമെന്നപെട്ടിയിലും ഒരു പ്രണയചിത്രം കാത്തുസൂക്ഷിക്കുന്നുണ്ട്.നായക കഥാപാത്രം. റിയല്‍എസ്റ്റേറ്റും കച്ചവടക്കണ്ണുമായിമാറിയ 'കബീര്‍'എന്ന സുഹൃത്ത്, രാമന്‍കുട്ടിയാശാന്റെ ദുരന്തജീവിതവും മരണമെന്നസത്യാവസ്ഥകളും തമ്മിലുള്ള വടംവലി നോവലില്‍ ഹൃദ്യമായി നിഴലിക്കുന്നു. ദുഃഖഭാരം എല്ലാം ഷാജിയിലാണ് വന്നുനിറയുന്നത്.റെസ്റ്റോറന്റിലെ പ്രണയവും പുതിയ തലമുറയും ഷാജിയില്‍ നിരാശയാണ് ജനിപ്പിക്കുന്നത്. കുട്ടികള്‍ക്കുപോലും സംഭവിച്ച മാറ്റം സൂഷ്മനിരീക്ഷണത്തോടെയാണ് നോവലിസ്റ്റ് ഈ കൃതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. 'വയലോരം ആര്‍ട്‌സ് ആന്റ് ക്ലബ്ബ്' എത്തുമ്പോഴേക്കും മദ്യം സുഹൃദ്ബന്ധത്തെ മാറ്റിമറിച്ചകഥ നാം അറിയുന്നു. മലയാളിയെത്തന്നെ മൊത്തം ഗ്രസിച്ചരു സാമൂഹ്യസംസ്‌കൃതി തന്നെയാണ് ഷാജി എന്ന കഥാപാത്രത്തിന്റെ അനുഭവവും അനുഭവവിവരങ്ങളുമായി മാറുന്നത്.
അജയന്‍ എന്ന സുഹൃത്തിലൂടെ ആത്മവിചാരണക്ക് ഷാജിനിര്‍ബന്ധതനാകുന്നുണ്ട്. പ്രവാസത്തിലും ദുരന്താനുഭവം കുമ്പസാരംപോലെ അജയനുമുന്നില്‍ നിരത്തിവെയ്ക്കുന്നു.'രാത്രികള്‍' നോവലില്‍ വന്നുപോകുന്നത്‌നോവലിന്റെമേന്മ കൂട്ടുന്നു.പകല്‍ ജീവിതവും ഇഴ ചേര്‍ത്തിട്ടുണ്ട്.രാഷ്ട്രീയ വേദിയും പ്രസംഗവുമൊക്കെ രാഷ്ട്രീയത്തിന്റെ പ്രഹസനത്തെ എടുത്തു കാണിക്കുന്നു.മരവിച്ചുപോയ ആദര്‍ശബന്ധമായജീവിതം ഷാജിയില്‍ നമുക്ക് കാണാം.
ഫാന്റസിയിലേക്കുംസര്‍റിയലിസത്തേക്കും വായനക്കാരെ കൂട്ടിക്കൊണ്ടാണ് നോവല്‍ അവസാന ഭാഗത്തേക്ക് എത്തുന്നത്.ഇവിടെ നോവലിന് മനഃശാസ്ത്രപരമായ ഒരു മുഖം വന്നടിയുന്നതുകാണാം. അജയന്റെ ആത്മാവും മരണവും മായക്കാഴ്ചപോലെ ഷാജിയില്‍ വിള്ളലുണ്ടാക്കുമ്പോള്‍പോലും,തുളസി എന്ന പ്രണയത്തെ ഷാജി വീണ്ടെടുക്കുകയാണ്‌ചെയ്യുന്നത്.ദുരന്തങ്ങള്‍ ദുരന്തങ്ങളെ ദുരന്തങ്ങള്‍ക്കിടയിലൂടെ കാണുമ്പോഴും അറിയുമ്പോഴും എവിടെയോ ഒരു പ്രതീക്ഷ,ജീവിക്കാനുള്ള ഊര്‍ജ്ജം ഷാജി എന്ന കഥാപാത്രത്തില്‍വന്നു ചേരുന്നു.
ജീവിതം പരിഹസിക്കാനാവാത്ത സമസ്യകൂടിയാണെന്ന് ഷാജി അറിയുന്നു.പ്രകൃതിയും മഴയും ഷാജിയെ വീണ്ടെടുക്കുകയാണ്. അകവും പുറവും ഒരു സ്‌നാനത്തിന് വിധേയമാകുകയാണ്.ഒരു പുനര്‍ജന്മം എന്നതുപോലെ ജീവിതത്തെതിരിച്ചു പിടിക്കാന്‍.ഹൃദയംകൊണ്ടു മാത്രം ജീവിച്ച ഒരു മനുഷ്യന്‍ തയ്യാറാകുന്നിടത്ത്, നോവല്‍ പൂര്‍ണ്ണമാകുന്നു.തീവ്രാഭിമുഖ്യമുള്ള ഷാജിയിലെ സാമൂഹ്യ പ്രതിബന്ധതയേയും,തീവ്രനൊമ്പരമായി പിടയുന്ന നാടിന്റെ ഗൃഹാതുരത്വത്തേയും ഇവിടെ ഒഴിവാക്കാനാവില്ല.രണ്ടും യഥാര്‍ത്ഥതലങ്ങളാണ്.മനുഷ്യരുടെ മനഃശാസ്ത്രതലങ്ങള്‍ തന്നെയാണ്.
ജീവിതത്തിന്റെ കഥയാണ് യഥാര്‍ത്ഥ കല.ജീവിതം കലയിലൂടെ വിചാരണ ചെയ്യപ്പെടാനുള്ളതുമാണ്.ഭാവനയും ഭാഷയും മറ്റ് ഉപഅധ്യായങ്ങള്‍, ഉപമാധ്യമങ്ങള്‍ മാത്രം.നല്ലകലാസൃഷ്ടികളില്‍മനുഷ്യര്‍/വായനക്കാര്‍ തങ്ങളുടെ ജീവിതത്തെ കാണും.അറിയും.അനുഭവിക്കും. തൊടും. സ്പര്‍ശനം ഒരര്‍ത്ഥത്തില്‍ പൂര്‍ണ്ണമാണ്. ജീവിതത്തിന്റെ പൂര്‍ണ്ണതയിലേക്കുള്ള യാത്രയാണ് ഈ നോവല്‍.
(ഹൃദയം തൊടുന്ന വിരലുകള്‍ / സുനില്‍ പി. മതിലകം/ നോവല്‍ /പ്രിന്റ്ഹൗസ് പബ്ലിക്കേഷന്‍സ്)

രാകേഷ്‌നാഥ്
ഉഴത്തില്‍പുത്തന്‍ വീട്
തിട്ടമ്മേല്‍,ബെദേല്‍ റോഡ്
ചെങ്ങന്നൂര്‍- 689121
ഫോണ്‍ 95 44 88 53 88

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

റഹ്‌മാന്‍ വാടാനപ്പള്ളി

കല്ലിൽ ഒളിഞ്ഞിരുന്നത്

ബാലചന്ദ്രൻ ചുള്ളിക്കാടിൻ്റെ "ചിദംബര സ്മരണ "