അവര്‍ തിരിച്ചെത്തുംവരേക്കും
സുനില്‍ പി. മതിലകം
ഓടിമറയുന്ന കാഴ്‌ചകളിലമര്‍ന്നിരിക്കുമ്പോഴാണ് ചിരപരിചിതമായ ആരോ തൊട്ടരികിലേക്ക് കടന്നുവന്നതായി തോന്നിയത്. ഓരോന്നിലും മനസ്സുവ്യാപൃതമാകുമ്പോഴും തേടിക്കൊണ്ടിരിക്കുന്ന സാന്നിദ്ധ്യം ഏറെ ആഗ്രഹിക്കുന്നതുകൊണ്ടാകാം ഇത്തരം തോന്നലുകളിലേക്ക് എത്തിപ്പെടുന്നത്. തോന്നിയതല്ല, ഒരു പതിനഞ്ചുകാരന്‍. എതിര്‍സീറ്റിലെ ജാലകത്തിനോടു ചേര്‍ന്ന് അവന്‍ വന്നിരുന്നു. എപ്പോഴാണ് തന്റെ ശ്രദ്ധ അവനിലക്ക് എത്തിയതെന്ന് ആലോചിക്കുകയായിരുന്നു. പുറത്തേക്ക് എത്രനേരമായി നോക്കിയിരുന്നതെന്ന് ഒരു നിശ്ചയമുണ്ടായിരുന്നില്ല. വണ്ടിയില്‍ കയറി, സൈഡ് സീറ്റിലേക്ക് ഇരുന്നപ്പോഴെ പുറംകാഴ്‌ചകളിലകപ്പെട്ടിരുന്നുവല്ലൊ. ബസ്സിലായാലും തനിക്കെന്നും സൈഡ് സീറ്റിനോടാണ് മമത. ട്രെയിനിലെ ജാലകത്തിനോട് ചേര്‍ന്നിരിക്കാന്‍ വാശിപിടിച്ചുകരഞ്ഞ കുട്ടിത്തത്തെ അന്നേരം ഓര്‍ത്തു. ഓരോ പുറം കാഴ്‌ചകളിലും കൗതുകം കണ്ടെടുത്ത ഇളം മനസ്സിന്റെ നൈര്‍മല്യത്തെ ഓര്‍ത്തു. ബസ്സില്‍നിന്ന് തല പുറത്തേക്കു നീട്ടുമ്പോഴും കൈ പുറത്തേക്കിടുമ്പോഴും ശാസിക്കുന്ന അച്ഛനെയോര്‍ത്തു. വല്ലപ്പോഴുമുള്ള അത്തരം ഓര്‍മ്മകളാണ് ജീവിച്ചിരിക്കുന്നുവെന്ന ബോധ്യമുണ്ടാക്കുന്നത്. ഈ യാത്രാവേളകളാണ് ഉള്ളിനെ തെല്ലെങ്കിലും ശാന്തമാക്കുന്നത്.
വെളിയില്‍ പിന്നിടുന്ന പലകാഴ്‌ചകളും കാണുമ്പോഴും ഒരു പിടച്ചിലുണ്ടാകാറുണ്ട്. അപ്പോഴും പുറത്തുനിന്ന് കണ്ണെടുക്കാറില്ല. ഒരെറ്റം മുതല്‍ മറ്റേയറ്റം വരെ യാത്രചെയ്യുമ്പോഴും ജീവിതത്തിന്റെ, കാലത്തിന്റെ, സമൂഹത്തിന്റെ പരിഛേദങ്ങള്‍ മങ്ങിയും തെളിഞ്ഞും കടന്നുപോകാറുണ്ട്. അവ അഭ്രപാളിയില്ലെന്നപോലെ കടന്നുവരാറുണ്ട്.
വിളഞ്ഞു നടുവൊടിഞ്ഞ വയലുകളിലെ കൊയ്‌ത്തുയന്ത്രത്തിന്റെ പരാക്രമം, ആടുമാടുകള്‍ മേയുന്ന തരിശുകണ്ടങ്ങളിലെ കാരിയ ഉണക്കപ്പുല്ലുകള്‍, വരണ്ട പുഴയിലെ തെളിഞ്ഞുകിടക്കുന്ന മണല്‍പ്പരപ്പിനു മേലെ, ഒഴുക്ക് നിലച്ച നീര്‍ച്ചാലിന്റെ തളര്‍ന്ന ഒഴുകല്‍, കൊതിപ്പിക്കുന്ന വാഴത്തോപ്പുകളിലെ പച്ചപ്പ്, തലപോയ തെങ്ങുകളുടെ കെട്ടുപോയ പ്രതാപത്തിന്റെ നെടുങ്കന്‍ ശേഷിപ്പ്, മഞ്ഞളിപ്പില്‍ കുരുടിച്ച കവുങ്ങിന്‍ തോട്ടങ്ങള്‍, കുന്നുകള്‍ ഇടിച്ചുനിരത്തി കവര്‍ന്നുകൊണ്ടുപോയ മണ്ണിന്റെ ശൂന്യത. കൂട്ടിക്കുഴച്ച ബഹളങ്ങളിലെ പുകച്ചുരുളുകള്‍ ഉയര്‍കൊണ്ട ചിമ്മിണി പുകക്കുഴലുകളുടെ തകര്‍ച്ച, ഒച്ചയും തിക്കുമൊഴിഞ്ഞ് ഏതോ വിദൂരകാലത്തിന്റെ ഗന്ധവുമായി അടഞ്ഞുകിടക്കുന്ന നിരപ്പലകയിട്ട പീടിക നിരകള്‍, നിര്‍ജ്ജീവമായ പാര്‍ട്ടി ഓഫീസ് വരാന്തകള്‍, ഉപേക്ഷിക്കപ്പെട്ട പള്ളിക്കൂടങ്ങളുടെ വിജനമായ കളിമുറ്റങ്ങള്‍...
സ്വയം കണ്ടെത്തുന്ന ചോദ്യങ്ങളും അവയ്‌ക്കുള്ള മറുപടിയും തേടിയലയുമ്പോഴാണ് അവഗണിക്കാന്‍ കഴിയാത്ത ഒരു സാന്നിദ്ധ്യമായി ആ പതിനഞ്ചുകാരന്‍ കണ്ണില്‍പ്പെട്ടത്. ട്രെയിനിലെ തിരക്കൊഴിഞ്ഞുതുടങ്ങിയിരിക്കുന്നു. കമ്പാര്‍ട്ടുമെന്റിലെ സീറ്റുകള്‍ പലതും കാലിയായി കിടക്കുന്നു.
വെറുമൊരു നോട്ടത്തിനുപോലും മുഖമുയര്‍ത്താതെ, പുറം ദൃശ്യങ്ങളിലേക്ക് ഒന്നു കണ്ണോടിക്കുകപോലും ചെയ്യാതെ കയ്യിലെ മൊബൈല്‍ ഫോണില്‍ മാത്രമാണവന്റെ എല്ലാ ശ്രദ്ധയും. അവന്‍ തന്നിലൊരു നിറസാന്നിദ്ധ്യമാകുന്നത് ചാരുവിന്റെ സമപ്രായക്കാരനായതിനാലാകാം.
കൈയില്‍ കൂട്ടിപ്പിടിച്ച മൊബൈല്‍ ഹാന്‍ഡ്‌സെറ്റിലെ കീബോര്‍ഡില്‍ അവന്റെ വെളുത്തു കൊലുന്നനെയുള്ള വിരലുകള്‍ നൃത്തം ചെയ്യുന്നു. കീപേഡ് അമര്‍ന്നും ഉയര്‍ന്നും കലപിലകൂട്ടുന്നു. എന്തൊക്കെയോ പറിച്ചെടുക്കുന്ന ആര്‍ത്തിപൂണ്ട് അവനിരുന്നു.
എന്താ മോന്റെ പേരെന്നും ഏതുക്ലാസ്സിലാണ് പഠിക്കുന്നതെന്നും എവിടെ നിന്നാണ് വരുന്നതെന്നും എങ്ങോട്ടാണ് പോകുന്നതെന്നുമെല്ലാം വെറുതേ തിരക്കണമെന്നുണ്ടായിരുന്നെങ്കിലും ഒന്നും ചോദിക്കാന്‍ തോന്നിയില്ല.
ചാരുവിന്റെ ഓര്‍മ്മകളിലേക്ക് ആരോ കൂട്ടിക്കൊണ്ടുപോകുന്നതുപോലെ. എന്താണോ മറക്കാന്‍ ശ്രമിക്കുന്നത്, അവയെല്ലാം പൂര്‍വ്വാധികം വേഗമോടെ ഇടയ്‌ക്കിടയ്‌ക്ക് പൊള്ളിച്ചുകൊണ്ടിരിക്കുന്നു...
``മോന്‍ പറയ്‌ണത്‌ല്ലാം വാങ്ങിക്കൊടുത്തോണ്ട് വഷളാക്കരുത്. എല്ലാപ്പോഴും എല്ലാം ചെയ്യാന്‍ പറ്റീന്ന് വരില്ല. അല്‌പസ്വല്‌പം ബുദ്ധിമുട്ടൊക്കെ അറിഞ്ഞ് വളര്‌ണത് കുട്ടികള്‍ക്ക് നല്ലതാ...''
ഓര്‍മ്മപ്പെടുത്തലും തത്വചിന്തയുമായി ചാരുവിന്റെ അമ്മ പതിവുപോലെ പറഞ്ഞുവെച്ചു.
``നീയെന്താ പറയ്‌ണ്. നമുക്ക് ഒന്നേയുള്ളൂ... യെന്റെ കുട്ടിക്കാലത്ത് എന്തൊക്കെ ആശിച്ചിട്ടുണ്ടെന്നോ, ഏറെ കൊതിച്ചിട്ടുണ്ട് പലതിനും... ഒന്നും നടന്നില്ല. ചെയ്‌ത് തരേണ്ടവര്‍ ചെയ്‌തുതന്നില്ല. അങ്ങനെയൊക്കെ യെന്റ കുട്ടീം വളര്‍ന്നാ മതീന്ന് ഞാനിപ്പൊ വാശിപിടിക്കണോ?''
എന്നോട് തര്‍ക്കത്തിനും ശണ്‌ഠക്കൊന്നും നില്‌ക്കാതെ അവള്‍ പുറം തിരിഞ്ഞുപോകും. തര്‍ക്കിച്ചിട്ടു കാര്യമില്ലെന്നും അറിയാം. എന്തിനും ഏതിനും തന്റേതായ ഒരു ന്യായീകരണം ഉണ്ടാകുമെന്ന് ചാരുവിന്റെ അമ്മയ്‌ക്കറിയാം.
കഴിഞ്ഞ ആഗസ്റ്റിലെ ഒരു വൈകുന്നേരം. തന്നെയാകെ പിടിച്ചുലച്ച ഒരു പ്രശ്‌നവുമായാണ് ചാരു കടന്നുവന്നത്.
``അച്ഛാ...''
``ഉം, എന്താടാ...''
``കൂട്ടാര്‍ക്കൊക്കെ മൊബൈല്‍ ഫോണുണ്ടിപ്പൊ...''
``അതിന് നിനക്കെന്താ...?!''
``കൂട്ടത്തില് എനിക്കുമാത്രമില്ല, യെനിക്ക് ക്യാമറയുള്ള നല്ലൊരു മൊബൈല് വാങ്ങി തരണം...!!''
കേട്ടപാടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഇത്തരമൊരു ആവശ്യവുമായി അവന്‍ മുന്നിലേക്ക് വരുമെന്ന് നിനച്ചിരുന്നില്ല. മകന്‍ ഒരിക്കലും അനുഭവിക്കാത്ത ഒരച്ഛന്റെ രോഷത്തില്‍ വെന്തുതിളയ്‌ക്കുകയായിരുന്നു. അന്നേരം എന്റെ കുട്ടിയെ എന്തെല്ലാം പറഞ്ഞുകൂട്ടിയെന്ന് ഇപ്പോഴും ആലോചിക്കാനാവുന്നില്ല. അവന്റമ്മയും എന്തൊക്കെയോ പറഞ്ഞ് ചാരുവിനെ ശാസിക്കുന്നുണ്ടായിരുന്നു.
മൊബൈല്‍ ഫോണിന്റെ ജ്വരത്തിലകപ്പെട്ട കുട്ടികളുടെ വിഭ്രാന്തികള്‍ കാണാറുണ്ട്. അതിന്റെ ചതിക്കുഴികളിലകപ്പെട്ട ദുരിതങ്ങള്‍ പത്രത്തില്‍ വായിക്കാറുണ്ട്. ആരെയും ശ്രദ്ധിക്കാതെ വഴിയരികിലങ്ങോട്ടുമിങ്ങോട്ടും നടന്ന് മൊബൈലില്‍ സംസാരിക്കുന്നതു കാണാം. ഇവരെന്താണ് സംസാരിക്കുന്നതെന്നും ആരോടാണ് ഇത്രയധികം സംസാരിക്കുന്നതെന്നും പലപ്പോഴും വെറുതേ ആലോചിക്കാറുണ്ട്. തനിക്കുചുറ്റുമുള്ള ലോകത്തിന്റെ മറ്റുചലനങ്ങളെയെല്ലാം വിസ്‌മൃതിയില്‍ നിര്‍ത്തിയുള്ള ഈ മനോവിഭ്രാന്തി ചെറുപ്പത്തെ വല്ലാതെ നിര്‍ജ്ജീവമാക്കുന്നുണ്ടെന്നു തോന്നുന്നു. സഹപാഠികളുടെ നഗ്നത മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി, അവരെ നിരന്തരം ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയും ഒടുവില്‍ ഗത്യന്തരമില്ലാതെ ക്ലാസ്സുമുറിയില്‍ അവരെ ആത്മഹത്യയില്‍ കൊണ്ടെത്തിക്കുകയും ചെയ്‌ത അത്രവിദൂരമല്ലാത്ത സംഭവം പത്രത്തില്‍ വായിച്ചപ്പോഴാണ്, ദൈവമേ... നമ്മുടെ കുട്ടികള്‍ക്കിതെന്തുപറ്റിയെന്ന ആശങ്ക പടര്‍ന്നുകയറിയത്... ഇതെല്ലാമായിരുന്നു ചാരുവിനോട് കയര്‍ക്കുമ്പോള്‍ മുന്നിലുണ്ടായിരുന്നത്. അവന്റെ കരച്ചിലിനു മുന്നില്‍ ആദ്യമായി പിടിച്ചുനില്‍ക്കുകയായിരുന്നു.
പിറ്റേന്ന് സ്‌കൂള്‍വിട്ടു വരേണ്ട സമയം അതിക്രമിച്ചിട്ടും അവനെത്തിയില്ല. കൂട്ടുകാരോട് തിരക്കിയിറങ്ങി. സ്‌കൂളില്‍ ചെന്നന്വേഷിച്ചു. സുഹൃത്തുക്കള്‍ വണ്ടികളില്‍ പല ദിക്കിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു. പോലീസില്‍ പരാതികൊടുത്തു. ഒടുവില്‍ പത്രത്തില്‍ ഫോട്ടോ സഹിതം പരസ്യം നല്‌കി:
`മകനേ, അച്ഛനുമമ്മയും ഏറെ വ്യസനത്തിലാണ്. മോന്‍ പോയതില്‍ പിന്നെ, അമ്മ കിടപ്പിലാണ്. ഉടനെ തിരിച്ചുവരിക...'
ദിവസങ്ങളും മാസങ്ങളും കടന്നുപോയി. അവന്‍ ലോകത്തിന്റെ ഏതോമൂലില്‍ ആരാലും അറിയപ്പെടാതെ വാശിയോടെ മറഞ്ഞിരിക്കുന്നുണ്ടാകും.
ആ ഇളം ജീവിതത്തിന് നല്‌കുവാന്‍ കഴിയുന്ന കടുത്തവേദനയില്‍ ഞങ്ങള്‍ നീറിപ്പിടഞ്ഞുകൊണ്ടേയിരുന്നു. എല്ലാമായ അവന്റെ അസാന്നിദ്ധ്യം ഞങ്ങളുടെ ജീവിതത്തെ ആകെ താറുമാറാക്കിക്കളഞ്ഞു. മരണം നടന്ന വീടിന്റെ മൂകതയിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടാന്‍ അധികകാലം വേണ്ടിവന്നില്ല. എല്ലാം വെറും യാന്ത്രികമായി...
തപിക്കുന്ന ഓര്‍മ്മകളില്‍നിന്ന് പിടഞ്ഞെഴുന്നേറ്റപ്പോഴും ആ പതിനഞ്ചുകാരന്‍ മുന്നിലെ സീറ്റില്‍ തന്നെയുണ്ട്. കൈയിലെ മൊബൈലില്‍ തന്നെയാണിപ്പോഴും മുഴുകിയിരിക്കുന്നത്. റെയില്‍വേ സ്റ്റേഷനുകളില്‍ ഇറങ്ങിപ്പോകുന്നവരേയും കയറിവരുന്നവരേയും അവന്‍ കാണുന്നില്ല.
ഹാര്‍മോണിയത്തില്‍ വിരലുകള്‍ ചലിപ്പിച്ച് പരുപരുത്ത ശബ്‌ദത്തിന്റെ ഇടര്‍ച്ചയില്‍ പാടിത്തളര്‍ന്ന അമ്മയേയും കുരുന്നിനേയും കേട്ടമട്ടേയില്ല. അവന്റെ ചെയ്‌തികളില്‍ കൗതുകം പൂണ്ടിരിക്കുകയായിരുന്ന തനിക്കുപിന്നെ പുറത്തേക്ക് നോക്കിയിരിക്കാനായില്ല.
ട്രെയിന്‍ ഷൊര്‍ണ്ണൂരെത്തി. ഈ ട്രെയിന്റെ അവസാന സ്റ്റേഷന്‍. ഇറങ്ങാന്‍ തയ്യാറായി ബാഗും കുടയുമെല്ലാം എടുത്തുവെച്ചു. കമ്പാര്‍ട്ടുമെന്റില്‍ അവശേഷിക്കുന്നവര്‍ തട്ടിപ്പിടഞ്ഞെണീറ്റ് ഇറങ്ങാനുള്ള തത്രപ്പാടിലായിരുന്നു. അവന്‍ മാത്രം, നഷ്‌ടപ്പെട്ടത് എന്തോ പരതിക്കൊണ്ടിരിക്കുന്നമാതിരി മൊബൈലില്‍ തന്നെയാണ്. അവനും താനും തനിച്ചായ ഒരുനേരം.
``മോന്‍, ഇറങ്ങുന്നില്ലേ?!''
എന്റെ ശബ്‌ദംകേട്ട് മുഖം തെല്ലൊന്നുയര്‍ത്തി അവന്‍ തിരിച്ചൊരു ചോദ്യം!
``ഇരിഞ്ഞാലക്കുട കഴിഞ്ഞോ?!''
ആ സ്ഥലം പിന്നിട്ടിട്ട് മണിക്കൂറുകള്‍ കഴിഞ്ഞല്ലോയെന്ന് പറഞ്ഞു ഭയപ്പെടുത്തുവാന്‍ തനിക്കപ്പോളായില്ല. ഇറങ്ങേണ്ട ഇടംപോലും വിസ്‌മരിച്ച് മൊബൈല്‍ ഫോണില്‍ ലയിച്ചിരുന്ന അവനെ വേണമെങ്കില്‍ ഈ സന്ദര്‍ഭത്തില്‍ കുറ്റപ്പെടുത്തി സംസാരിക്കാം. അതുമല്ലെങ്കില്‍ ഇങ്ങനെ ഒരു കുട്ടിയെ കണ്ടതായി ഭാവിക്കാതെ അവഗണിച്ച് കടന്നുപോകാം. അതിനൊന്നും തനിക്കാവില്ലെന്നറിയാം.
പരിഭ്രമത്തോടെയുള്ള ആ നില്‌പു കണ്ടപ്പോള്‍ തന്നിലെ ഒരച്ഛന്‍ ഉണര്‍ന്നു:
``നീ, പേടിക്കാതിരിക്കു... ദേ അപ്പറത്ത് കിടക്ക്‌ണ വണ്ടിയില്‍ പോയാല്‍, നീ പറഞ്ഞ സ്ഥലത്തിറങ്ങാം.''
പകച്ച അവന്‍, അയാളുടെ അരികിലേക്ക് നീങ്ങിനിന്നു.
``ടിക്കറ്റിനുള്ള പണം ഉണ്ടോ?''
അവന്‍ പോക്കറ്റില്‍നിന്ന് ഒരമ്പതിന്റെ നോട്ടെടുത്തു കാണിച്ചു.
``യെന്റൊപ്പം വാ, നമുക്ക് ടിക്കറ്റെടുത്ത് വരാം.''
അവനെയും കൂട്ടി ടിക്കറ്റ് കൗണ്ടറിന്റെ അടുത്തേക്കുപോയി. തിരക്കൊഴിഞ്ഞ നേരമായിരുന്നു. ടിക്കറ്റെടുത്തു. ബാക്കി തുകയും ടിക്കറ്റും അവനെ ഏല്‌പിച്ച് തെക്കോട്ടുപോകാന്‍ കിടക്കുന്ന വണ്ടിക്കരികിലേക്ക് നീങ്ങി. ട്രെയിന്റെ അടുത്തെത്തി.
``ഇനി കയറി ഇരുന്നോളൂ... ദേ, പിന്നെ ഈ മൊബൈലില്‍ തന്നെ ലയിച്ചിരിക്കല്ലെ; ഇറങ്ങേണ്ട സ്ഥലം ഓര്‍മ്മവേണം.'' അവനെ യാത്രയാക്കി, പാളങ്ങള്‍ മുറിച്ചുകടന്ന് വീട്ടിലേക്ക് ഓട്ടോ പിടിച്ചു.
അടഞ്ഞുകിടന്ന ഗെയിറ്റ് തള്ളിത്തുറന്ന് വീട്ടിലേക്ക് കയറുമ്പോ
``അച്ഛാ...'' എന്ന വിളിയോടെ ചാരു ഓടിവരുന്നുണ്ടോയെന്ന് വെറുതേ മോഹിച്ചു...
( ഉടന്‍ പ്രസിദ്ധീകരിക്കുന്ന ക്രിയേറ്റീവ് റെറ്റേഴ്‌സ് ഫോറം പുറത്തിറക്കുന്ന തെരഞ്ഞെടുത്ത 12 കഥകള്‍ എന്ന പുസ്‌തകത്തില്‍ നിന്ന്...)

മനോഹരമായി പറഞ്ഞ കഥ.
മറുപടിഇല്ലാതാക്കൂ