ഈ അവഹേളനത്തെ നേരിടണം
ഈ അവഹേളനത്തെ നേരിടണം സുനില്‍ പി. മതിലകം തമിഴന്റെ ഭാഷാപ്രേമത്തെ പഴിക്കാന്‍ മിടുക്കരായ മലയാളികള്‍, മലയാളത്തിന് പിഴയിട്ടപ്പോഴും മിണ്ടാത്തതില്‍ അത്ഭുതപ്പെടാനില്ല. ലോകോത്തരങ്ങളായ നൂറ് കാര്യങ്ങളുള്ളപ്പോള്‍ എന്തു മലയാളം? എന്തു പിഴ! സ്‌കൂളില്‍ മലയാളം സംസാരിച്ചതിന് വിദ്യാര്‍ത്ഥിയെ തലമൊട്ടയടിച്ചുവിട്ട നാടാണിത്! ഇവിടെത്തെ മലയാളത്തിനും മലയാളിക്കും മാനക്കേടുണ്ടാക്കുന്ന മറ്റൊരു സംഭവം കൂടി. മാളയിലെ ഹോളിഗ്രേഡ് സ്‌കൂളാണ് മലയാളം സംസാരിച്ചതിന് നൂറിലധികം വിദ്യാര്‍ത്ഥികള്‍ക്ക് പിഴയടക്കല്‍ ശിക്ഷ വിധിച്ചത്! ഇവരെയോര്‍ത്ത് നമുക്ക് ലജ്ജിക്കാം. മലയാളികള്‍ പഠിക്കുന്ന, മലയാളത്തിന്റെ മാതൃഭൂമിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു വിദ്യാലയത്തിന് ഭാഷയെ നിന്ദിക്കുന്ന ശിക്ഷവിധിക്കാന്‍ ആരാണ് അധികാരം കൊടുത്തത്? ഇവരെയൊക്കെ കയറൂരിവിടുന്ന, മലയാളത്തെ ഒന്നാം ഭാഷയാണെന്ന് ഉത്തരവിറക്കിയ നമ്മുടെ വിദ്യാഭ്യാസ വകുപ്പും സര്‍ക്കാരുമാണ് ഇതിന് മറുപടി നല്‌കേണ്ടത്. മലയാളിക്കല്ലാതെ, ഒരു നാട്ടിലും സ്വന്തം ഭാഷയോടുള്ള ഇത്തരത്തിലുള്ള അവഹേളനത്തെ ലാഘവത്തോടെ സമീപിക്കാനോ ഭാഷാ ഭ്രാന്തെന്ന് പറഞ്ഞ് പുച്ഛിക്കാനോ...