പുസ്തകം

അരങ്ങ്/അടുക്കള 

അഥവാ സമകാലികം

വിനീഷ് കളത്തറ

ഒരിക്കല്‍കൂടി വായിക്കാന്‍ പ്രേരിപ്പിക്കുന്ന തലക്കെട്ടാണ് 'അരങ്ങില്‍ നിന്നും അടുക്കളയിലേക്ക്'. അതിനു കാരണമുണ്ട്. സാമൂഹിക നവോത്ഥാനത്തിന്റെ ഉച്ചസ്ഥായിയില്‍ മുഴങ്ങിക്കേട്ട ഒരു മുദ്രാവാക്യമാണ് 'അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക്' എന്നത്. ഒരു നാടകത്തിന്റെ പേര് എന്നതിനപ്പുറം കേരളചരിത്രത്തിലെ കുതറിനടപ്പിന്റെ പാശ്ചാത്തലമുണ്ട് ആ തലക്കെട്ടിന്. ചരിത്ര വിദ്യാര്‍ത്ഥികള്‍ക്കും സാമൂഹിക നിരീക്ഷകര്‍ക്കും ഒരിക്കലും മറക്കാനാവാത്ത തലക്കെട്ട്. അതുതന്നെയാണോ ഇവിടെ സംഭവിച്ചിരിക്കുന്നത് എന്ന ചിന്തയാണ് ഒരിക്കല്‍കൂടി ആ തലക്കെട്ട് ഇരുത്തി വായിക്കുവാന്‍ നമ്മെ പ്രേരിപ്പിക്കുന്നത്. സുനില്‍. പി. മതിലകം രചിച്ച ഇരുപത്തിയേഴ് കഥകളുടെ സമാഹാരമാണ് ഇപ്പോള്‍ അരങ്ങിലെത്തിയിരിക്കുന്ന ഈ 'അരങ്ങില്‍ നിന്നും അടുക്കളയിലേക്ക്.' തൃശൂര്‍ പ്രിന്റ്ഹൗസ് പബ്ലിക്കേഷന്‍ സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഇപ്പോള്‍ ജീവിക്കുന്ന മനുഷ്യരുടെ ഉള്ളിലേക്കുള്ള ഒരെത്തിനോട്ടമാണ് ഈ കഥകള്‍. ടൈറ്റില്‍ കഥയ്ക്കുള്ള രാഷ്ട്രീയമാനം സമകാലിക ഇന്ത്യന്‍ സാമൂഹികാവസ്ഥയുടെ പ്രതിഫലനമാണ്. എന്ത് കഴിക്കണം, എന്തുടുക്കണം, എന്തുവിശ്വസിക്കണം എന്നിവയൊക്കെ വ്യക്തിഗതമായ സ്വാതന്ത്ര്യങ്ങളായി നിര്‍വ്വചിക്കപ്പെട്ടിരിക്കുന്ന ഭരണഘടന നിലവിലുള്ള ഒരു രാജ്യത്ത്, കേവലം രാഷ്ട്രീയാധികാരം കയ്യാളുന്നവരുടെ പിണിയാളുകള്‍ നടത്തുന്ന ഹിംസാത്മകമായ സോഷ്യല്‍ എഞ്ചിനീയറിങ്ങാണ് ഈ കഥയിലെ പ്രതിപാദ്യവിഷയം. ഭക്ഷണത്തെ മതപരമായ തരംതിരിക്കലിനുള്ള ഉപാധിയാക്കി മാറ്റുന്നത് നാം ഈ കഥയില്‍ കാണുന്നു.

'ഒരു പലചരക്ക് പീടികക്കാരന്റെ കീറിപ്പറിഞ്ഞ കണക്കുപുസ്തകം' എന്ന കഥ ആത്യന്തികമായി വിശപ്പിന്റെ വിളികള്‍ക്ക് കാതോര്‍ക്കുന്ന കഥാകൃത്തിന്റെ നൊമ്പരങ്ങളെ പ്രതിനിധാനം ചെയ്യുന്നു. കച്ചവടത്തിനിടയില്‍ സിമ്പതിയൊന്നും പാടില്ലെന്ന പൊതുതത്ത്വത്തിന് വിരുദ്ധമായി ചിന്തിക്കുന്ന ഒരു പീടികക്കാരന്റെ മാനസിക പ്രതിസന്ധികളാണ് ഈ കഥയ്ക്കാധാരം. ആഖ്യാനത്തില്‍ മികവ് പുലര്‍ത്തുന്ന കഥയാണിത്.

കഥ പറയുക എന്നതിലുപരി ആഖ്യാനത്തെ ദൃശ്യവല്‍ക്കരിച്ചുകൊണ്ട് മുന്നേറുന്ന രചനാതന്ത്രമാണ് ഇതില്‍ സ്വീകരിച്ചിരിക്കുന്നത്.

'ഇടയ്ക്ക് ഇറങ്ങിപ്പോയ ഒരു കഥ' ഘടനാപരമായ വ്യതിരിക്തത പുലര്‍ത്തുന്ന കഥയാണ്. ശിഥിലമായ സാഹോദര്യത്തെ കഥയില്‍ വരച്ചു കാട്ടുന്നു. സുനിലിന്റെ കഥകളില്‍ പ്രാമുഖ്യം പുലര്‍ത്തുന്ന നാടകീയത ഈ കഥയുടെ അന്ത്യത്തില്‍ വായനക്കാരന് അനുഭവപ്പെടുന്നു. 'കുമ്പസാര രഹസ്യം', 'മരണത്തിന്റെ തപാല്‍ ഓഫീസില്‍ നിന്ന്', 'ഹൃദയവിചാരം' തുടങ്ങിയ കഥകളിലൊക്കെ ഈ ട്വിസ്റ്റ് ആധിപത്യം പുലര്‍ത്തുന്നത് കാണാം.

യാത്രയ്ക്കിടയിലെ അനുഭവങ്ങള്‍ മിക്കപ്പോഴും ഈ കഥാകൃത്തിന് വളമാകുന്നുണ്ട്. നിസ്സാരമെന്ന് കരുതുന്ന ജീവിതസന്ദര്‍ഭങ്ങളില്‍ നിന്നൊരു കഥ കണ്ടെത്തപ്പെടുകയാണ്. അതില്‍ ദുര്‍ഗ്രഹത ഒട്ടുമേ കലര്‍ത്താതെ പറഞ്ഞുപോകുന്നു എന്നുള്ളത് കഥകളുടെ പാരായണ ക്ഷമത വര്‍ദ്ധിപ്പിക്കുന്നു.

പ്രവാസജീവിതം  പ്രമേയമാക്കി അവതരിപ്പിക്കുന്ന 'ക്രിസ്റ്റി' 'കന്താബില്‍ നിന്നൊരു വഴി', 'നിങ്ങള്‍ വിളിച്ച നമ്പര്‍ ഇതല്ല' എന്നിവ ജീവിതം ഏച്ചുകെട്ടാന്‍ ബന്ധപ്പെടുന്ന പ്രവാസികളെ കാട്ടിത്തരുന്ന പ്രണയവും വിരഹവും സാമ്പത്തിക പരാധീനതകളും ഈ കഥകളുടെ അന്തര്‍ധാരയായി വര്‍ത്തിക്കുന്നു.

കുട്ടികള്‍ മുഖ്യകഥാപാത്രങ്ങളായി വരുന്ന ചില കഥകളുമുണ്ട് ഈ സമാഹാരത്തില്‍. 'ഒരുനുള്ള് ദയ' 'അനഘിന്റച്ഛന്‍', 'ഇതരജീവിതം' എന്നീ കഥകളില്‍ ദയ, കാരുണ്യവായ്പ്, സ്‌നേഹം തിരിച്ചറിയല്‍ തുടങ്ങിയ വൈകാരിക ഭാവങ്ങളുടെ ആവിഷ്‌കരണങ്ങളുണ്ട്. ബാലസാഹിത്യരംഗത്ത് ശ്രദ്ധേയനായ കഥാകൃത്തിന് കുട്ടികളെ തന്റെ കഥാലോകത്തുനിന്ന് ഒഴിവാക്കാനാവില്ല തന്നെ. 

'വലിച്ചുനീട്ടാതെ നമുക്ക് കഥയിലേക്ക് കടക്കാം' എന്ന കഥാകൃത്തിന്റെ നിലപാടിനെ സാധൂകരിക്കുന്ന പന്ത്രണ്ട് മിനിക്കഥകള്‍ ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രീയ കൊലപാതകം പരാമര്‍ശിക്കുന്ന 'കഴിഞ്ഞകഥ' അഗമ്യഗമനം വിഷയമായ 'കുതറല്‍', അന്ധവിശ്വാസച്ചടങ്ങുകളുടെ അപ്രസക്തിയെ വരച്ചിടുന്ന 'മരണാനന്തരം', ആര്‍ഭാടജീവിതം പേടിയായി വളരുന്ന 'പേടി' എന്നിവ ശ്രദ്ധേയങ്ങളായ കൊച്ചുകഥകളാണ്.

മൂല്യനിരാസത്തെക്കുറിച്ച് വേവലാതിപ്പെടുമ്പോഴും ഇടയ്ക്കിടെ നുറുങ്ങുവെട്ടം പോലെ കണ്ടെത്താനാകുന്ന 'സ്‌നേഹം', 'ദയ', 'പരിഗണന' തുടങ്ങിയ മാനുഷിക വികാരങ്ങളെ നെഞ്ചോട് ചേര്‍ത്തു പിടിക്കാന്‍ ഈ കഥാകൃത്ത് ആഗ്രഹിക്കുന്നു. മൂല്യശോഷണത്തിനാധാരമായ ഘടകങ്ങള്‍ തീവ്രമായി വിചാരണ ചെയ്യപ്പെടുന്നില്ല. നേര്‍ത്ത പരിഹാസത്തോടെ അവയെ നിരീക്ഷിക്കുക മാത്രം ചെയ്യുന്നു. മനുഷ്യനും ഇതര ജീവികളും സഹവര്‍ത്തിത്വത്തോടെ ജീവിക്കുന്ന സ്‌നേഹഭരിതമായ ഒരു ലോകം എന്ന പൊതു സ്വപ്നത്തിലേക്കുള്ള കൊച്ചുകൊച്ചു നാഴികക്കല്ലുകളാണ് ഈ കഥകള്‍. നടക്കാന്‍ ഇനിയുമേറെയുള്ള ആ വഴിയില്‍, ഒരു പക്ഷെ ഒരിക്കലും എത്തിച്ചേരാനാവില്ല എന്നറിഞ്ഞുതന്നെ യാത്ര തുടരുമ്പോഴും ഈ കഥകളിലെ, നന്മയിലുള്ള നിതാന്ത വിശ്വാസം പുതിയ ഊര്‍ജരേണുക്കള്‍ അനുവാചകനില്‍ പ്രസരിപ്പിക്കുമെന്നതില്‍ സംശയമില്ല. ആത്യന്തികമായി അതുതന്നെയല്ലേ ഓരോ സാംസ്‌കാരിക പ്രവര്‍ത്തനത്തിന്റേയും ലക്ഷ്യം..!


അരങ്ങില്‍നിന്ന് അടുക്കളയിലേക്ക്

സുനില്‍ പി. മതിലകം

കഥകള്‍/വില: 120 രൂപ

പ്രിന്റ്ഹൗസ് പബ്ലിക്കേഷന്‍സ്

കോപ്പികള്‍ക്ക്: 90 48 49 53 94


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

റഹ്‌മാന്‍ വാടാനപ്പള്ളി

കല്ലിൽ ഒളിഞ്ഞിരുന്നത്

ബാലചന്ദ്രൻ ചുള്ളിക്കാടിൻ്റെ "ചിദംബര സ്മരണ "