അല്ലെങ്കിലും ഇതിപ്പൊ ഒരു
പതിവായിട്ടുണ്ട്. ഇന്നത് പറയരുതെന്ന് കരുതിയാല്‍, അത് പറഞ്ഞേ തീരൂ. ഇന്നത്
ഓര്‍ക്കരുതെന്ന് ഉറച്ചാല്‍, അതെന്നെ ഓര്‍ത്തിരിക്കും. ഇന്നത് പറയണമെന്ന്
മനസ്സിലുരുവിട്ടിരുന്നാല്‍, അതൊട്ടുപറയാനുമൊക്കില്ല. ഈയൊര വസ്ഥയില്‍ നിന്ന് താന്‍
മോചിതനാകുന്നില്ലല്ലൊ...``അച്ഛന് പറ്റിയതല്ല, കച്ചോടം. ഈ മനസ്സുമായി കച്ചോടം
ചെയ്‌താ ഇനിയുള്ളതുകൂടി വിറ്റുതുലയ്‌ക്കേണ്ടി വരും''പഴിക്കുന്നത് മകനാണ്.
കേള്‍ക്കുന്നത് ഒരു പലചരക്കുപീടികക്കാരനായ അച്ഛനും. അവനത് പറയാനുള്ള അവകാശം
വകവെച്ചുകൊടുത്തേ പറ്റൂ. തന്നിലെന്തെങ്കിലും പ്രത്യാശയര്‍പ്പിക്കാന്‍ അവനെന്നല്ല,
ഒരു മക്കള്‍ക്കും സാധിക്കില്ലെന്ന വിചാരം വാസുവേട്ടനെ നിരന്തരം
അലട്ടിക്കൊണ്ടിരുന്നു. അച്ഛാച്ചന്റെ അച്ഛനായിട്ട് പണികഴിപ്പിച്ച പഴയൊരു
വീടാണുള്ളത്. വെട്ടം കടന്നുവരാന്‍ മടിക്കുന്ന ഇടുങ്ങിയ മുറികളുള്ള പഴയൊരു ഓടിട്ട
വീട്. അതിന്റെ തട്ടിന്‍പുറം പല കമ്മ്യൂണിസ്റ്റുകാര്‍ക്കും അഭയമായിട്ടുണ്ട്.
മറ്റൊരു രസകരമായ സംഗതി, അച്ഛന്‍ കറകളഞ്ഞ കോണ്‍ഗ്രസ്സുകാരനായിരുന്നു. എന്നിട്ടും,
കമ്മ്യൂണിസ്റ്റ് സഖാക്കളോട് എന്തെന്നില്ലാത്ത ഒരു മതിപ്പുണ്ടായിരുന്നു.
അവര്‍ക്ക് അച്ഛനോടും അങ്ങനെതന്നെ.കഴിഞ്ഞ കര്‍ക്കിടകത്തിലെ പെരുമഴയിലാണ് ആ
വീടിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണത്. നല്ല കാറ്റും അന്നുണ്ടായിരുന്നു. വീട് മൊത്തം
നിലംപൊത്തുമെന്ന് കരുതി ഞങ്ങള്‍, കിടന്നിടത്തുനിന്ന് എഴുന്നേറ്റ് വന്ന്
ഉമ്മറക്കോലായില്‍ പേടിച്ചരണ്ടിരുന്നു. പിന്നീട് പലഭാഗവും ഇടിഞ്ഞുതുടങ്ങി. അതൊന്ന്
പുതുക്കി പണിയാന്‍ ഇതുവരെ ഒത്തില്ല. ഇക്കാലത്ത് ഇങ്ങനെയുള്ള ഒരു പരിസരത്ത്
മക്കള്‍ ഇത്രത്തോളം എങ്ങനെ പഠിച്ചുവെന്ന് തെല്ലൊരദ്‌ഭുതത്തോടെ പലവട്ടം അയാള്‍
ആലോചിച്ചിട്ടുണ്ട്. നല്ല മാര്‍ക്കോടെയാണ് മൂത്തവന്‍ ലെനിന്‍ പ്ലസ് ടു
പാസ്സായത്. എന്നിട്ടും അവന് താത്‌പര്യമുള്ള ഒരു കോഴ്‌സില്‍ ചേര്‍ത്തി
പഠിപ്പിക്കാന്‍ തനിക്കായില്ലല്ലോയെന്ന കുറ്റബോധം ഇടയ്‌ക്കിടെ വേട്ടയാടുന്നു.
ഇതെല്ലാം അവനും ആലോചിക്കുന്നുണ്ടാകില്ലെ? അതോണ്ട് ഒരു പരിഭവവും അവനോടും അവന്റെ
പരുഷമായ വാക്കുകളോടും വാസുവേട്ടന് തോന്നാറില്ല.വിചാരങ്ങളെ മുറിച്ചിട്ട്
കടയ്‌ക്കുമുന്നിലൂടെ ഒരു കാര്‍ കടന്നുപോയപ്പോഴാണ് കടയ്‌ക്കുള്ളില്‍
ഇരിക്കുകയാണെന്ന യാഥാര്‍ത്ഥ്യത്തിലേക്ക് അയാള്‍ തിരിച്ചെത്തിയത്. ആ
കാറില്‍നിന്ന് ഒരു പ്രത്യേക സുഗന്ധം പരന്നുവരുന്നതായി അനുഭവപ്പെട്ടു.
കപ്പലണ്ടിപ്പിണ്ണാക്കിന്റെയും തവിടിന്റെയും എണ്ണയുടെയുംമറ്റും കെട്ട വാടയില്‍
നിന്ന് ആ സുഗന്ധം തിരിച്ചറിയാന്‍ കഴിയുന്നുണ്ട്. കടയുടെ തൊട്ടടുത്ത വീട്ടിലെ
കാറാണത്. കാറിന്റെ ഡിക്കി തുറക്കുന്നതും പ്ലാസ്റ്റിക് കിറ്റുകള്‍ നിരനിരയായി
വീടിനകത്തേക്ക് കടന്നുപോകുന്നതും ഇവിടെയിരുന്നാല്‍ വ്യക്തമായി കാണാം.
കണ്‍വെട്ടത്തുതന്നെയാണ് ആ വീട്. തൊട്ടടുത്ത് ഇങ്ങനെ ഒരു കടതുറന്നിരിക്കുന്ന
കാര്യം തന്നെ അവരെല്ലാം എന്നേ മറന്നിരിക്കുന്നു. മേശവലിപ്പില്‍ ഇപ്പോഴും ഭദ്രമായി
സൂക്ഷിച്ചിരിക്കുന്ന കണക്കുപുസ്‌തകമെടുത്ത് നോക്കിയാലറിയാം, അവര്‍ തരാനുള്ള തുക
എത്രയെന്ന്. ആ കാറോടിച്ച് പോയവന്‍ ഗള്‍ഫിലായിരുന്നുവല്ലോ. അവന്റെ അച്ഛന്‍
കേശവേട്ടന്‍ പണമായും സാധനങ്ങളുമായിപറ്റിയ നല്ലൊരുതുക മരിക്കുമ്പോ
തരാനുണ്ടായിരുന്നു.ഒരുദിവസം പീടികപൂട്ടാന്‍ ഒരുങ്ങുമ്പോഴാണ് അവിടേന്ന്
കൂട്ടനിലവിളി കേട്ടത്. നിരപ്പലകപോലുമിടാതെ ഓടിച്ചെല്ലുമ്പോള്‍ കേശവേട്ടന്‍
കാലുനീട്ടി, കണ്ണുകളടച്ച് നീണ്ടുനിവര്‍ന്ന് കിടക്കുന്നു. അന്നുച്ചയ്‌ക്കുകൂടി
കടയില്‍ വന്നിരുന്ന് എന്തെല്ലാം പറഞ്ഞയാളാണ്. തിരിച്ചുപോകുമ്പോള്‍ സാധനങ്ങളും
വാങ്ങിപ്പോയതാണ്. ദാ, ഇപ്പോ ആരോടൊന്നും പറയാതെ അവസാന നിദ്രയിലേക്ക് ഒരു
കള്ളച്ചിരിയോടെ കേശവേട്ടനും കടന്നുപോയിരിക്കുന്നു.സത്യം പറയാല്ലൊ, അപ്പൊ
ഓര്‍ത്തത് അങ്ങേര് തരാനുള്ള തുകയെപ്പറ്റിത്തന്നെയാണ്. പറ്റ്‌് എഴുതിക്കൊടുത്ത
ഒരു പോക്കറ്റ് ബുക്കുപോലും കേശവേട്ടന്റെ കൈവശം ഉണ്ടായിരുന്നില്ല. തന്റെ
കൈപ്പടയില്‍ എഴുതിവെച്ച കണക്കുമാത്രമാണ് ഏകരേഖ. ഇതും കാണിച്ച് അയാളുടെ മക്കളുടെ
അടുക്കല്‍ തരാനുള്ള തുകയുടെ കാര്യം പറഞ്ഞ് എങ്ങനെ ചെല്ലും? മരിച്ചയാളോട് ചെന്ന്
ചോദിക്കാനൊക്കുമോ? ദേ, എനിക്കുതരാനുള്ള ആ പണത്തിന്റെ കാര്യം വീട്ടുകാരോട്
പറഞ്ഞിട്ട് പോണോടത്തേക്ക് പൊയ്‌ക്കോളൂവെന്ന് ആവശ്യപ്പെടാന്‍ കഴിയുമോ?അപ്പോഴും കരുതി, അച്ഛന്റെ മരണാനന്തരചടങ്ങുകള്‍ കഴിയുമ്പോ മക്കള്‍
വരാതിരിക്കില്ലെന്ന്.``വാസുവേട്ടാ, അച്ഛന്‍ തരാനുള്ള പണത്തിന്റെ കണക്കൊന്ന്
എടുത്തുവെച്ചെട്ടൊ. അച്ഛന്‍ കടംവെച്ചിട്ട് പോയീന്നൊരു ആക്ഷേപം മക്കള്‍ക്ക്
കേള്‍ക്കാന്‍ ഇടയാവരുത്.''ആ കണക്കുകൂട്ടലില്‍ അമര്‍ന്നിരുന്നു. ഇരിപ്പുമാത്രം
ഒടുവില്‍ ബാക്കി. ആ വീട്ടില്‍നിന്ന് ആരും ഇതൊന്നും തിരക്കി ഇതുവരെയെത്തിയില്ല.
വാസുവേട്ടനായിട്ട് അതും ചോദിച്ചങ്ങോട്ടുചെന്നതുമില്ല.അവര്‍ക്കു മുന്നില്‍
ഇങ്ങനെ ഒരു കട ഇപ്പോഴില്ലെന്നും അന്നേരം ഓര്‍ത്തു.സൂപ്പര്‍മാര്‍ക്കറ്റുകളും
ഹൈപ്പര്‍ മാര്‍ക്കറ്റുകളും അവര്‍ക്കുമുന്നില്‍ തുറന്നുവെച്ചിരിക്കുന്നു. എല്ലാം ഒരു
കുടക്കീഴിലെന്ന പരസ്യവാചകം. ബഹുവര്‍ണ്ണ പാക്കറ്റുകളുടെ നിരപ്പ്. പ്‌ളാസ്റ്റിക്
കവറുകളിലെ കണിശത. മാസശമ്പളവുമായി കയറിയാല്‍ കാപ്പിക്കാശുപോലും അവശേഷിപ്പിക്കാതെ
ഒഴിഞ്ഞ പോക്കറ്റുമായി ഇറങ്ങിപ്പോരുന്നവര്‍. പല ജീവിതങ്ങള്‍ക്കായി തുറന്നുവെച്ച
പലചരക്കുകടകളില്‍ കയറി ഇറങ്ങേണ്ട. എല്ലാം ഒരാളുടെ പോക്കറ്റിലേക്കുതന്നെ
എറിഞ്ഞുകൊടുക്കാം. ഷോപ്പുകളുടെ വിസ്‌തൃതി, പ്രചാരണം, എ.സിയുടെ ഊഷ്‌മളതയില്‍ ഓരോ
സാധനങ്ങള്‍ എടുത്തിട്ട്, ട്രോളിയുമായി ഉന്തിനടക്കുവാനുള്ള സൗകര്യം. അങ്ങോട്ടൊന്നു
കയറി ചെല്ലുന്നതുതന്നെ മഹത്വമായി ഊറ്റം കൊള്ളുന്നവര്‍. അത്തരക്കാര്‍,
നാട്ടിന്‍പുറത്തെ വാസുവേട്ടന്റെ പലചരക്കുകടയിലേക്ക് എങ്ങനെയാ കയറി വരിക?ഇനി
വന്നെന്നിരിക്കട്ടെ. അത് കടംവാങ്ങാന്‍ മാത്രമായിരിക്കും. അല്ലെങ്കില്‍ തരാനുള്ള
പണത്തിന്റെ ബാധ്യത നിലനില്‍ക്കുന്നതുകൊണ്ട് ഇടയ്‌ക്കെന്തെങ്കിലും സാധനങ്ങള്‍
വാങ്ങേണ്ടെയെന്നുകരുതി എത്തുന്നവരാകാം.``വാസുവേ, ഒന്ന് തോണ്ടിവെച്ചൊ. അടുത്ത
ദിവസം തന്ന്യെയെടുക്കാം.''അടുത്ത ദിവസം പോയിട്ട്, അടുത്ത കാലത്തൊന്നും തന്നെ ആ
കടം തീര്‍ക്കലുണ്ടാകില്ല.വാസുവേട്ടനത് വിട്ടുകളഞ്ഞെന്ന് ഉറപ്പാകുമ്പോള്‍,
അതവിടെ നിര്‍ത്തിക്കൊണ്ടുതന്നെ വീണ്ടും കടംവെക്കും. സൂപ്പര്‍മാര്‍ക്കറ്റുകളിലൊന്നും
അത്തരം ഏര്‍പ്പാടുകളില്ലല്ലോ. വിലപേശലോ, പരാതിയോ, പരിഭവമോ ഒന്നുമില്ലാതെ
കമ്പ്യൂട്ടറില്‍ അടിച്ചുകൊടുത്ത ബില്ലുവാങ്ങി, പണം എണ്ണിക്കൊടുത്ത് നിശ്ശബ്‌ദനായി
പടികളിറങ്ങും.എവിടെനിന്നോ ഓടിച്ചിട്ടെന്നപോലെ ഒരു മഴയെത്തിയപ്പോഴാണ് നേരം
ഉച്ചകഴിഞ്ഞല്ലോ എന്നകാര്യം അയാളറിഞ്ഞത്. ചിങ്ങം പിറന്നിട്ട് പത്തായി.
കര്‍ക്കടകത്തില്‍ പെയ്യേണ്ട മഴ പെയ്‌തില്ല. അതിപ്പൊ ചിങ്ങത്തില്‍ കൊണ്ടുവന്നു
കൊട്ടുകയാണെന്ന് തോന്നുന്നു. അതും ഒരു വ്യവസ്ഥയില്ലാതെ. മനുഷ്യര്‍ക്ക്
വ്യവസ്ഥയില്ലാതെയായപ്പോ പ്രകൃതിയും ആ വഴിക്കാ. കാലം തെറ്റി പെയ്യണതെന്ന്
കേട്ടിട്ടില്ലെ? ഒന്നുപച്ചപിടിക്കണ മാസമായിരുന്നു ചിങ്ങം. ആ ചിങ്ങവും
ഇരുണ്ടുകറുത്താല്‍ എന്താ ചെയ്യാ. പിന്നെ, നമ്മടെ സൗകര്യത്തിനല്ലെ മഴ പെയ്യണ്. മഴ
അങ്ങനെ പെയ്യട്ടെന്നെ...ഈ വെള്ളമൊക്കെ വെറുതേ പാഴായിപ്പോകാണല്ലൊ. മിക്കവീടുകളിലും
ഇപ്പൊ ഫില്‍ട്ടര്‍ താഴ്‌ത്തിയിരിക്കയല്ലെ. കിണറുകളും കുളങ്ങളും തോടുകളും മൂടി.
വയലുകളില്‍ കിഴക്കന്‍ കുന്നുകള്‍ ഇടിച്ചുനിരത്തിയ ചുവന്നമണ്ണ് ടിപ്പറിലെത്തിച്ച്
നികത്തുന്നു... വെള്ളം കാത്തുപരിരക്ഷിച്ച മണ്ണിന്റെ ഗര്‍ഭപാത്രം
അറുത്തുമാറ്റിക്കൊണ്ടിരിക്കായാണ്... ഇതാപറയണ്, വെറുതേയിരുക്കുമ്പൊ മനസ്സ്
കാടുകയറി ഭ്രാന്താകും... അതില്‍നിന്ന് തിരിച്ചെത്തിയാലും ഓര്‍മ്മകളല്ലാതെ
മറ്റാരാണ് കൂട്ടുള്ളത്.ഇന്നു ചന്തദിവസമായിരുന്നു. വീട്ടില്‍നിന്ന് നേരത്തേ
ഇറങ്ങി. പീടികക്കരികിലെത്തിയപ്പോഴാണ് മടിക്കുത്ത് തെരഞ്ഞത്. ചന്തയ്‌ക്കുള്ള
പണമൊന്നും കൈവശം ഇല്ലല്ലോയെന്നറിഞ്ഞത് അന്നേരമാണ്.നന്നേ പുലര്‍ച്ചയ്‌ക്ക്
ആദ്യത്തെ മണികണ്‌ഠന്‍ ബസ്സില്‍ കയറി ചന്തയിലേക്കുള്ള യാത്ര, പലയിടത്തുനിന്ന് കയറിയ
ബസ്സിലെ ചിരപരിചിതരായ കച്ചവടക്കാരുടെ കൊച്ചുവര്‍ത്തമാനങ്ങളില്‍ ബസ്സിനകം
ശബ്‌ദമുഖരിതമായിരിക്കും. ആകുലതകളും ആവലാതികളും തമാശകളും അവിടെ
പകുത്തുവയ്‌ക്കപ്പെടും...അവിടേന്ന് തിരിച്ച് കൈയില്‍ കൊള്ളാവുന്ന
സാധനങ്ങളുമായി ബസ്സില്‍ മടങ്ങുന്നത്... വൈകുന്നേരങ്ങളില്‍ കടയിലെ തിരക്ക്...
ബഹളം... ആളുകളുടെ ക്ഷമയോടെയുള്ള കാത്തുനില്‌പ്...ഇത്തരമാലോചനകളിലകപ്പെട്ട്,
പുറത്തെ മഴയിലേക്ക് നോക്കി വാസുവേട്ടന്‍ ഇരിക്കുമ്പോഴാണ് അവന്റെ വരവുണ്ടായത്.മഴ നനഞ്ഞാണ് അവനെത്തിയത്. ബാലന്റെ മകനാണ്. അരുണ്‍ എന്നാ അവന്റെ പേര്.
ചുരുട്ടിപ്പിടിച്ച സഞ്ചിയുമായി അവന്‍ നിന്ന് വിറയ്‌ക്കുന്നുണ്ടായിരുന്നു.
തെളിച്ചമില്ലാത്ത ആ ഇളം മുഖത്ത് ദൈന്യത.``ഒരു കിലോ അരി''അരുണ്‍ നിന്നു
പരുങ്ങി.``നിന്റച്ഛന്‍ പൈസ വല്ലതും തന്നയച്ചിട്ടുണ്ടൊ?''``യില്ല, അച്ഛാ
കൊണ്ടരാന്ന് പറഞ്ഞു''അവന്റെ വാക്കുകളിലെ നേരിയ പതര്‍ച്ച കണ്ടപ്പൊ അങ്ങനെ
ചോദിക്കേണ്ടിയിരുന്നില്ലെന്ന് തോന്നി.`` അരിയില്ല,
കുട്ടി...''ചുരുട്ടിപ്പിടിച്ച തുണിസഞ്ചിയില്‍നിന്ന് അരുണിന്റെ കൈയഴയുന്നത്
ശ്രദ്ധിക്കാതിരിക്കാന്‍ അയാള്‍ക്കായില്ല.ഒന്നും ഉരിയിടാതെ തട്ടീംമുട്ടീം
തെല്ലിട നിന്നെങ്കിലും, വൈകാതെ കടയില്‍നിന്ന് പുറത്തേക്ക് അവന്‍ ഇറങ്ങി
നടന്നു.ബാലന്‍ തരാനുള്ളത് കുറച്ചുപണമൊന്നുമല്ല, പറ്റുപടി പുസ്‌തകത്തിന്റെ പല
ഏടുകളും നിറഞ്ഞുകവിഞ്ഞു. അഞ്ഞൂറ് പറ്റിയാ മുന്നൂറ് തരും. ബാക്കി ഇരുന്നൂറ് അവിടെ
കിട. പിന്നെയും അതിന്റെമേല്‍ കടം. അങ്ങനെ പെരുകിപ്പെരുകി തുക ഒരുപാടായി. ആ പയ്യന്റെ
വരവും ചോദ്യവുമൊക്കെ കാണുമ്പൊ, തന്റെ മക്കളെ ഓര്‍മ്മവരും.
കൊടുക്കാതിരിക്കാനുമാകില്ല.ബാലന് സ്ഥിരമായ പണിയൊന്നുമില്ല. വല്ല കാലത്തും
എന്തെങ്കിലും പണിക്കു പോയാലായി. വീട്ടുവളപ്പിലെ തേങ്ങയും അടയ്‌ക്കയും പെറുക്കി
വിറ്റാണ് അവന്റെ വട്ടച്ചെലവിനുള്ളത് ഒപ്പിക്കുന്നത്. ബാലന്‍ താമസിക്കുന്നത്
പഴക്കമുള്ള ഒരു പഴയ ടെറസ് വീട്ടിലാണ്.പുരയിടം അമ്പത് സെന്റ്‌കാണും.
തറവാടുവക ഭൂസ്വത്താണ്. ജീവിതം കടുത്ത ദാരിദ്ര്യത്തിലാണെങ്കിലും അവരുടെ
റേഷന്‍കാര്‍ഡ് ബി.പി.എല്‍ അല്ല. ബി.പി.എല്‍ കാര്‍ഡാണെങ്കില്‍ ഒരു രൂപയ്‌ക്ക്
അരിയെങ്കിലും വാങ്ങി ആ പിള്ളേര് കഞ്ഞികുടിച്ച് കിടന്നേനെ. ആ ചെറുക്കന് കടയില്‍
വന്നിങ്ങനെ നിരാശനായി മടങ്ങേണ്ടിവരില്ലായിരുവെന്നുവല്ലൊ.കടയില്‍ ഇരുന്നാല്‍
ബാലന്റെ വീടു കാണാം. അരുണ്‍ ചത്തമനസ്സുമായി കുനിഞ്ഞ ശിരസ്സോടെ നടന്നുപോകുന്നതും
വീട്ടില്‍ചെന്ന് കയറുന്നതും അയാള്‍ കടയിലിരുന്നു കണ്ടു. അരുണിന്റെ അമ്മയുടെ അരിശം
മുഴുവന്‍ അവനോട് തീര്‍ക്കുന്നത് വ്യക്തമായി കേള്‍ക്കാം.ദൈവമേ, ആ
പിള്ളേരിന്ന് പട്ടിണിയാകുമോ?ഒരു കച്ചവടക്കാരന് ഇത്തരം സിംപതികളൊന്നും
പാടില്ലെന്നല്ലെ വെപ്പ്. എന്തോ തനിക്കതിന് ആകുന്നില്ലൊ... ഇതെല്ലാം ഇട്ടെറിഞ്ഞ്
പോകാനാകാത്തതും അതാണല്ലൊ. മറിച്ചൊരു മനസ്സായിരുന്നുവെങ്കില്‍ ഇത്രയധികം കിട്ടാക്കടം
വന്നുചേരില്ലായിരുന്നുവെന്ന് അന്നേരം വെറുതേ ആലോചിച്ചു. പണ്ട് അച്ഛനായി തുടങ്ങിയ
ഒരു കട. അയാള്‍ക്ക് ഓര്‍മ്മവെച്ചകാലത്ത് കടയില്‍ ഒട്ടേറെ ജോലിക്കാര്‍
ഉണ്ടായിരുന്നു. അച്ഛന്റെ കാലശേഷം പത്താംക്ലാസ് കഴിഞ്ഞുനില്‌ക്കുകയായിരുന്ന താന്‍
ഏറ്റെടുക്കുകയായിരുന്നു. കാലക്രമേണ ജോലിക്കാരെല്ലാം കൊഴിഞ്ഞുകൊഴിഞ്ഞ് ഏറ്റവും
ഒടുവില്‍ താന്‍ തനിച്ചാകുകയായിരുന്നു.രാത്രി പീടിക പൂട്ടി, വാസുവേട്ടന്‍
പോകുന്നവഴിയ്‌ക്ക് ബാലന്റെ വീടിന്റെ മുന്നിലെത്തി. അവന്‍ ചാരുകസേരയില്‍
കാലുംനീട്ടിയിരിക്കുന്നത് കാണാം. ഗാഢമായ ഏതോ ആലോചനകളിലകപ്പെട്ടുള്ള ഇരിപ്പാണെന്ന്
കണ്ടാലറിയാം. അങ്ങോട്ട് കയറിച്ചെന്ന് അവനിട്ടൊന്ന് പൊട്ടിക്കണമെന്നാണ്
അയാള്‍ക്കാദ്യം തോന്നിയത്. സഹനത്തിനും ഒരു നെല്ലിപ്പടിയുണ്ടല്ലൊ.ഇളേ
പെണ്‍കുട്ടീടെ കരച്ചില്‍ കേള്‍ക്കാം. അരുണ്‍ പുസ്‌തകം നിവര്‍ത്തിവെച്ച്
തളര്‍ന്നിരിക്കുന്നതും കാണാം. ബാലന്റെ ഭാര്യയുടെ പിറുപിറുക്കലും ഇതിനിടയില്‍
കേള്‍ക്കുന്നുണ്ട്.ബാലന്‍ എന്തായിരിക്കും ഇത്ര ആലോചിക്കുന്നത്?നാളത്തെ
പകലിനെക്കുറിച്ചായിരിക്കുമോ? ഇന്ന് രാത്രി തീരുന്നിടത്തുവെച്ച്
വെളിച്ചത്തിലേക്ക് വരാതെ ഒളിച്ചോടാനുള്ള
ആലോചനകളിലായിരിക്കുമോ?അവന്റടുക്കല്‍ച്ചെന്ന് ആശ്വസിപ്പിക്കണോ?അവന്‍
കടുംകൈയെന്തെങ്കിലും പ്രവര്‍ത്തിക്കുമോ?ഒടുവിലത്തെ ഒരാശ്വാസവാക്ക്, നല്ലത്
ചിന്തിക്കാനുള്ള ത്രാണി അവനിലുണ്ടാക്കിയാലോ?എല്ലാവരെയും തോല്‌പിച്ചങ്ങനെ
കടന്നുപോയാല്‍ പോകുന്നവര്‍ക്ക് പോകാം. ശേഷിക്കുന്നവര്‍ അനുഭവിക്കുന്നതോ, കടുത്ത
വേദനകള്‍.ഇതെല്ലാം മനസ്സിലങ്ങോട്ടുമിങ്ങോട്ടുമിട്ട് തട്ടി, വാസുവേട്ടന്‍
വീടെത്തിയതറിഞ്ഞില്ല. ഒന്നും കണ്ടിട്ടില്ലെന്നും കേട്ടിട്ടില്ലെന്നും നടിച്ച്
വീട്ടില്‍ കയറിച്ചെന്നു.പതിവുപോലെ ഡ്രസ്സുമാറി, തോര്‍ത്തുടുത്ത്
കുളക്കടവിലേക്ക് കുളിക്കാനായി നീങ്ങി. തണുത്ത വെള്ളത്തിലേക്കിറങ്ങി. മനസ്സിലുള്ള
അന്നത്തെ എല്ലാ വിചാരങ്ങളെയും കഴുകിക്കളഞ്ഞ്, വെള്ളത്തില്‍
മുങ്ങിക്കൊണ്ടേയിരുന്നു. കുളിച്ചു കയറിയപ്പോള്‍ ഉള്ളൊന്ന് ശാന്തമായതായി
അയാള്‍ക്കുതോന്നി. ഈറന്‍ മാറി, അത്താഴം കഴിക്കാന്‍ കൈ കഴുകി ഇരുന്നു.മുന്നിലേക്കു ശാരദ നീങ്ങി നിന്നു .``ഇന്ന് അത്താഴത്തിനൊന്നുമില്ല.
നിങ്ങളിങ്ങനെ കാലിയായ കടതുറന്നിരുന്നിട്ട് പ്രയോജനമുണ്ടൊ? കാലത്തൊട്ട്
വൈകീട്ടുവരെ വെറുതെ കടതുറന്നിരുന്ന് വീട്ടിലെത്തുമ്പൊ അത്താഴമെന്നല്ല
വായ്‌ക്കരിയിടാന്‍പോലും വീട്ടിലൊന്നും കാണില്ല. വട്ടെന്നൊക്കെ കേട്ടിട്ടുണ്ട്.
പക്ഷേ, ഇത് മുഴുവട്ടാണ്...''നനഞ്ഞ കൈ കുടഞ്ഞെഴുന്നേറ്റ് ഉമ്മറക്കോലായിലെ
കസേരയിലേക്ക് മലര്‍ന്നു. വെട്ടുവഴിയേ പോകുന്ന ആരെങ്കിലും തന്നെ
ശ്രദ്ധിക്കുന്നുണ്ടോയെന്ന് ഇരുട്ടിലേക്ക് ചുഴിഞ്ഞുനോക്കിയിരുന്നപ്പോള്‍ ശാരദയുടെ
വാക്കുകളല്ല വാസുവേട്ടന്റെ മുന്നിലുണ്ടായിരുന്നത്, ബാലന്റെ കുടുംബമായിരുന്നു...
റഹ്‌മാന്‍ വാടാനപ്പള്ളി
അനുസ്മരണം കഥാകൃത്ത് റഹ്‌മാന്‍ വാടാനപ്പള്ളി സുനില്‍ പി. മതിലകം എഴുത്തുകാരന് റഹ്‌മാന്‍ വാടാനപ്പള്ളി ആഗസ്റ്റ് 2ന് ഈ ദുനിയാവില് നിന്ന് വിടവാങ്ങി. കഥാകൃത്ത്,നോവലിസ്റ്റ് എന്നീ നിലകളില്‍ മലയാളസാഹിത്യത്തില്‍ തന്റേതായ ഒരിടം സൃഷ്ടിച്ചാണ് അദ്ദേഹം നമ്മോട് വിടപ്പറഞ്ഞത്. ഒരിക്കല്‍ റഹ്‌മാന്‍ വാടാനപ്പള്ളിയുടെ കഥ വായിച്ച് പ്രൊഫ.എം.കൃഷ്ണന്‍നായര്‍ സാഹിത്യ വാരഫലത്തില്‍ ഇങ്ങനെ രേഖപ്പെടുത്തി: ``ജീവിതത്തിലെ വൈരുദ്ധ്യങ്ങള്‍ നോക്കി റഹ്‌മാന്‍ വാടാനപ്പള്ളി ചിരിക്കുന്നു. ആ ചിരി ഹൃദ്യമാണ്'' ജീവിതത്തിലെ വൈരുദ്ധ്യങ്ങളായിരുന്നു റഹ്‌മാന്‍ കഥകളില്‍ മുഖ്യപ്രമേയങ്ങള്‍. മലയാളനാട്, ചന്ദ്രിക, ദേശാഭിമാനി, ജനയുഗം തുടങ്ങി ഒട്ടേറെ പ്രസിദ്ധീകരണങ്ങളില്‍ നോവലുകളും കഥകളും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. അര്‍ഹിക്കുന്ന അംഗീകാരങ്ങള്‍ അദ്ദേഹത്തോട് അകലം പാലിച്ചുവെങ്കിലും തന്റെ എഴുത്തിനെ അതൊന്നും ബാധിക്കാതെ പരിരക്ഷിച്ചുപോന്നു. മൂടല്‍മഞ്ഞ്. ഒഴുക്ക്, സുന്ദരമായ നുണ, കാലത്തിന്റെ കരയില്‍ നിന്ന്, അവസാനത്തെ അദ്ധ്യായം എന്നീ നോവലുകളും ഹൗ!, കഴുത എന്നീ കഥാസമാഹാരങ്ങളും പ്രസിദ്ധീകരിക്കപ...
ഇത് കഥയല്ല സുനില്‍.
മറുപടിഇല്ലാതാക്കൂചിലരുടെ ജീവിതം തന്നെയാണ്.
ഈ കടക്കാരനെപ്പോലെ ഒരു കടക്കാരനാണ് എന്റെ ജ്യേഷ്ഠന്‍. ഇപ്പോഴും വലിയൊരു കണക്കുപുസ്തകവും വച്ചുകൊണ്ട് കട നടത്തുന്ന മനുഷ്യന്‍. ഈ കഥ വായിച്ച് തീരുവോളം ഞാന്‍ അദ്ദേഹത്തെയാണ് കണ്ടത്.
ok thanks.....
ഇല്ലാതാക്കൂആദ്യമെല്ലാം ഇത്തരം മനുഷ്യര്‍ ധാരാളമായിരുന്നു. ഇന്നിപ്പോള്‍ ഇത്തരം മനസ്സുള്ളവര്‍ ഒന്നും കച്ചവടം നടത്തുന്നില്ല. കഥയില്‍ പറഞ്ഞത് പോലെ അവരുടെ മനസ്സ് മക്കള്‍ മനസ്സിലാക്കി മറ്റെന്തെങ്കിലും വഴി നോക്കുകയാണ് പതിവ്. എല്ലാ രംഗത്തും സംഭവിച്ച തട്ടിപ്പ് ഇവിടേക്കും കുടിയേറിയിരിക്കുന്നു.
മറുപടിഇല്ലാതാക്കൂലളിത മായ കഥ
ഇഷ്ടപ്പെട്ടു.
വേര്‍ഡ് വെരിഫിക്കേഷന്‍ മാറ്റുന്നത് നന്നായിരിക്കും.
ok thanks
ഇല്ലാതാക്കൂ