ഹൃദയപക്ഷം-
എന്റെ എഡിറ്റോറിയലുകള്‍
കുടിവെള്ളം ജന്മവകാശമാണ്
ഇങ്ങനെ ഒരു മുദ്രാവാക്യം നമുക്കുയര്‍ത്തേണ്ടിവരുമെന്ന യാഥാര്‍ത്ഥ്യമറിയാന്‍ തുടങ്ങിയത് ഈ അടുത്തകാലത്താണ്. എല്ലാം വില്പനച്ചരക്കാവുന്ന ഒരു കാലത്ത് കുടിവെള്ളവും കച്ചവടവല്‍ക്കരിക്കപ്പെട്ടതില്‍ അദ്ഭുതമില്ല. ഒട്ടേറെ അപാകതകളുണ്ടെങ്കിലും കേരള സര്‍ക്കാരിന്റെ വാട്ടര്‍ അതോറിറ്റിക്ക് കീഴിലുള്ള കുടിവെള്ള വിതരണം ജനത്തിന് വലിയൊരാശ്വാസമാണ് നല്‍കിവരുന്നത്. പൊതുടാപ്പുകള്‍ വഴിയും ഗാര്‍ഹിക കണക്ഷന്‍ നല്‍കിയും കുടിവെള്ള വിതരണം നിര്‍വ്വഹിച്ചുപോരുന്ന നിലവിലുള്ള സംവിധാനത്തെ ഇല്ലാതാക്കി സ്വകാര്യവല്‍ക്കരിക്കുവാനുള്ള ശ്രമങ്ങളാണ് തകൃതിയായി നടക്കുന്നത്. പൊതുടാപ്പുകള്‍ പൂര്‍ണ്ണമായി ഒഴിവാക്കി ഗാര്‍ഹിക കണക്ഷന്‍ മാത്രം നിലനിര്‍ത്താനും കുപ്പിവെള്ള വിതരണത്തിന് കമ്പനിയുണ്ടാക്കുവാനുമാണ് ഈ ജലദൗര്‍ലഭ്യകാലത്തും വാട്ടര്‍ അതോറിറ്റിയുടെ നീക്കങ്ങള്‍. ജനതയുടെ ജന്മാവകാശമായ കുടിവെള്ളം മുട്ടിക്കുവാനുള്ള ശ്രമങ്ങളെ എന്തു വിലകൊടുത്തും പ്രതിരോധിക്കേണ്ടതുണ്ട്.
ഈ പ്രതിരോധനിര കെട്ടിപ്പടുക്കുന്നതിനോടൊപ്പംതന്നെ ചിലതുകൂടി നമ്മള്‍ ഓര്‍ക്കുകയും നിര്‍വ്വഹിക്കുകയും ചെയ്യേണ്ടതുണ്ട്. ഓരോ തുള്ളി ജലവും അമൂല്യമാണെന്ന ബോധ്യം നമ്മുടെകൂടെയുണ്ടാകണം. അവശേഷിക്കുന്ന നീര്‍ത്തടങ്ങള്‍ സംരക്ഷിക്കപ്പെടണം. പുഴ മണലെടുക്കുവാനുള്ളത് മാത്രമാണെന്ന തലതിരിഞ്ഞ വിചാരം വെടിയണം. മഴവെള്ളം സംരക്ഷിക്കപ്പെടുന്ന ഇടങ്ങളായ വയലുകളും കിണറുകളും കുളങ്ങളും സംരക്ഷിക്കപ്പെടണം. കച്ചവട താത്പര്യത്തോടെ ഇതെല്ലാം തുടച്ചുനീക്കുന്നത് ജീവന്റെ നിലനില്പിനു തന്നെ ഭീഷണിയാണെന്ന തിരിച്ചറിവ് നമുക്കുണ്ടാകണം.
സുനില്‍ പി.മതിലകം/2013 മെയ്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ