കഥ
തീയുമായയി നടന്ന ഒരാള്‍
സുനില്‍ പി.മതിലകം
അന്നും മറിച്ചല്ല സംഭവിച്ചത്. തലവേദനയുണ്ടാക്കുന്ന തീരുമാനങ്ങള്‍ തന്റെ തലയില്‍ തന്നെ കെട്ടിവെച്ചാലേ ഇവര്‍ക്കൊക്കെ സമാധാനമാകൂ. ഗ്രാമീണ വായനശാലയുടെ ഭരണസമിതി യോഗത്തിലാണ് ഇത് സംഭവിച്ചത്.
കുടുംബ പ്രാരാബ്ധങ്ങളുടെ നെട്ടോട്ടമില്ലാത്തവനെന്നും തൊഴില്‍ തിരക്കിന്റെ ഒഴിവുകഴിവില്ലാത്തവനെന്നും എന്തിനും ഏതിനും ഇറങ്ങിപ്പുറപ്പെട്ടാല്‍ അതിനായി വിശപ്പും ദാഹവും മറന്ന്, രാവെന്നോ പകലെന്നോ ഇല്ലാതെ ഓടി നടക്കുന്നവനെന്നുമെല്ലാമാണ് ഇവരുടെയൊക്കെ വെപ്പ്. പൊതുവെ ഒന്നില്‍നിന്നും ഒഴിഞ്ഞുമാറുന്ന പ്രകൃതമല്ല. അങ്ങനെയാവുമ്പോള്‍ മറ്റുള്ളവര്‍ക്ക് കാര്യങ്ങള്‍ കൂടുതല്‍ സൗകര്യമാകുമല്ലോ?
''ഞാന്‍ തന്നെ വേണോ?''
ഇതിലപ്പുറം ഒരെതിര്‍പ്പ് അന്നേരങ്ങളില്‍ ഉണ്ടാവില്ലെന്ന് അവര്‍ക്കറിയാം.
''കരുണനാവുമ്പോ അതിന്റേതായ ഒരു ഉത്തരവാദിത്വവും വേഗവും ഉണ്ടാവും, അല്ലേ സെക്രട്ടറി...?''
പ്രസിഡണ്ട് അപ്പുവിന്റെ കള്ളച്ചിരിയോടെയുള്ള തലോടല്‍ കൂടിയാവുമ്പോള്‍ ട്രാക്കില്‍ വീണിരിക്കും.

''നമ്മുടെ തെക്കുംപുറത്ത് ഭാസ്‌കരേട്ടന്റെ വീട്ടില് കുറേ പുസ്തകങ്ങള് ഉണ്ടെന്നാ...''
സെക്രട്ടറി ദിനേശനാണ് അതെടുത്തിട്ടത്.
''കുറേ കാലായി, തട്ടുപുറത്ത് ചാക്കേളിലായി കെട്ടിയിട്ട്‌ര്ക്ക്ണ്, ഒരിക്കല്‍ ഞാനവിടെ വൈറ്റ്വാഷിന്റെ പണിക്ക് പോയപ്പോ കണ്ടതാ. കരുണന്റെ തെക്കേക്കാരനല്ലേ, ചോദിച്ചാ തരാതിരിക്കില്ല.''
ദിനേശന്റെ റോള്‍ അവിടെ അവസാനിക്കുകയാണ്. ചിലര്‍ അങ്ങനെയാണ്. അഭിപ്രായം പറയാനും നിര്‍ദ്ദേശം വെയ്ക്കാനും ആവേശത്തോടെ ഉണ്ടാവും. നടപ്പില്‍ വരുത്താന്‍ ഇങ്ങനെ ചില ഒഴിഞ്ഞുകിടക്കുന്നവരും വരും. അയല്‍വാസി - പോരേ പൂരം അയാളുടെ സ്വഭാവമൊന്നും ഇവറ്റകള്‍ക്കറിയില്ല. അറിയാത്തതൊന്നുമല്ല. ഒരിക്കല്‍ അതില്‍ നിന്നുമൊരു പുസ്തകം വായിക്കാന്‍ ചോദിച്ചപ്പോള്‍ ഭാസ്‌കരേട്ടനില്‍നിന്നും കേട്ടതുതന്നെ അധികം. പിന്നെ, ആ പടി ചവിട്ടാന്‍ തോന്നാറില്ല.
അയാളുടെ മകന്‍ അജയന്റെ പുസ്തകശേഖരണമാണത്. ഏക സന്തതിയായിരുന്നു അജി. മെഡിസിന് പഠിക്കാന്‍ കോഴിക്കോട്ടേക്ക് പോയ അജിയെക്കുറിച്ച് പിന്നെയറിഞ്ഞത് ജയിലിലാണെന്നാ. അടിയന്തരാവസ്ഥക്കാലമായിരുന്നു. ജയിലില്‍നിന്ന് ഭ്രാന്താശുപത്രിയില്‍ അടച്ചെന്നും കേട്ടു. ഒരു ദിവസം അജയന്റെ മരണവാര്‍ത്തയും വന്നെത്തി. ആത്മഹത്യ ചെയ്തതാണത്രെ. അതേപ്പിന്നെ ഭാസ്‌കരേട്ടനും കാര്‍ത്ത്യായിനിചേച്ചിയും തനിച്ചുള്ള ഒരു ലോകമായി അത്. പൊതു പ്രവര്‍ത്തനത്തോടും അതിന് നടക്കുന്നവരോടും വെറുപ്പാണ് അവര്‍ക്ക്. അത്തരം കാര്യങ്ങള്‍ക്കായി അതുവഴി പോകുമ്പോ അങ്ങോട്ടാരും തിരിഞ്ഞുനോക്കാറില്ല. അങ്ങനെ ഒരിടത്തേക്കാണ് തന്നെ നിയോഗിക്കുന്നതെന്ന് അറിഞ്ഞപ്പോള്‍ പിന്‍ തിരിയാന്‍ ശ്രമിച്ചതാണ്. ദിനേശിന്റെ വാക്കുകള്‍ കേള്‍ക്കാത്തമട്ടിലിരിക്കുന്ന തനിക്കു നേരെയാണ് ഇപ്പോള്‍ എല്ലാവരും നോക്കുന്നത്.
''ഭാസ്‌കരേട്ടനെ ഞാന്‍ കാണാം, പക്ഷെയെങ്കില് ഞാനൊറ്റയ്ക്കല്ല, നിങ്ങളില്‍ നിന്ന് മൂന്നാളെങ്കിലും വരണം.''
ആവശ്യം നിരാകരിക്കാന്‍ യോഗത്തിനായില്ല. ഈയൊരു ചെറിയ കാര്യത്തിന് എന്തിനാണ് സബ് കമ്മിറ്റി എന്ന് ഇടങ്കോലുകള്‍ ഇടാനും ആളുണ്ടാകാതിരുന്നില്ല. ഒടുവില്‍ തനിക്കൊപ്പം മെമ്പര്‍മാരായ അന്‍വര്‍, ഫാസില്‍, കണ്ണന്‍ എന്നിവരെയും നിയോഗിച്ച് യോഗം പിരിഞ്ഞു. ഭാസ്‌കരേട്ടനെ ഇന്നുതന്നെ നേരില്‍കണ്ട് കാര്യങ്ങള്‍ അവതരിപ്പിക്കണമെന്ന ഉദ്ദേശ്യത്തോടെ അവരുമായി പുറത്തിറങ്ങി.
ഭാസ്‌കരേട്ടന്റെ പടിക്കലെത്തി, അകായിലേക്കു കയറി. താമസക്കാര്‍ ഉപേക്ഷിച്ചുപോയ ഒരു വീടിന്റെ വിജനതയിലേക്ക് പ്രവേശിക്കുന്നതായി തോന്നി. ഉണക്കിലകള്‍ പാറിക്കിടക്കുന്നുണ്ട്. ഉമ്മറമാകെ ചപ്പുചവറുകളാല്‍ അലങ്കോലപ്പെട്ടു കിടക്കുന്നു. ആരേയും പിന്തിരിപ്പിക്കുന്ന മൂകത. മുറ്റത്തേയ്ക്ക് കാലെടുത്ത് വെച്ചപ്പോള്‍ തന്നെ നിശബ്ദതയെ മുറിച്ച, കരിയിലകളിലമര്‍ന്ന ചറപറ ശബ്ദം വിറകൊണ്ടു. വാതിലിന്റെ സാക്ഷ നീക്കുന്ന അനക്കം. വാതില്‍ മെല്ലെ തുറന്ന് ഭാസ്‌കരേട്ടന്‍ പുറത്തിറങ്ങി. അയാള്‍ ഇത്രവേഗം പടുവൃദ്ധനായോ എന്ന അമ്പരപ്പിലായിരുന്നു താനപ്പോള്‍. വളരെ നാളുകള്‍ക്കു ശേഷമാണ് അയാളെ കാണുന്നത്. ഭാസ്‌കരേട്ടന്‍ തീരെ പുറത്തുവരാറില്ല. ചുക്കിച്ചുളിഞ്ഞ മെയ്യ് നാടന്‍ മുണ്ടുകൊണ്ട് മറച്ചിട്ടുണ്ട്. പിഞ്ഞിത്തുടങ്ങിയ ഖദര്‍മുണ്ട്. കണ്ണില്‍ പീളയടിഞ്ഞിരിക്കുന്നു.
''എന്താ എല്ലാവരും കൂടി? വല്ല പിരിവോ മറ്റോ ആണോ?''
ഭാസ്‌കരേട്ടന്‍ സൗഹൃദഭാവത്തോടെയാണ് എന്നറിഞ്ഞപ്പോള്‍ ആശ്വാസമായി. പഴയ മൂശാട്ടകളെല്ലാം അയാളില്‍നിന്നും അകന്നുപോയോ? എന്തു പറയുമെന്ന തപ്പിപ്പിഴയിലായി ഞങ്ങള്‍. എവിടെ തുടങ്ങണമെന്നോ എങ്ങനെ തുടങ്ങണമെന്നോ നിശ്ചയമില്ലാതെ പതുങ്ങി. ഭാസ്‌കരേട്ടന്റെ പ്രതികരണത്തെ ഏതുവിധത്തിലും പ്രതിരോധിക്കാന്‍ മുന്‍കരുതലോടെയാണ് ഇറങ്ങിപ്പുറപ്പെട്ടത്. അയാളുടെ മുന്നില്‍ ആദ്യമാര് പറയുമെന്ന മട്ടില്‍ മിഴിച്ചുനില്‍ക്കുന്നു!
''അത്... പിന്നെ, ഭാസ്‌കരേട്ടാ...''
താന്‍ തന്നെയാണ് ആദ്യം വാ തുറന്നത്.
''എന്താടോ, കാര്യം പറയെടോ...''
അയാളുടെ മുശാട്ട സ്വഭാവം മറനീക്കി പുറത്തുവരുന്നതു പോലെ.
''നമ്മ്‌ടെ ഗ്രാമീണ വായനശാലയില്‍ ഒരു ഗ്രന്ഥശാലകൂടി തുടങ്ങാനുള്ള ശ്രമത്തിലാണ് ഞങ്ങള്‍. പുതിയ പുസ്തകങ്ങള്‍ വാങ്ങുന്നതോടൊപ്പം പഴയ പുസ്തകങ്ങള്‍ നാട്ടുകാരില്‍നിന്നും ശേഖരിക്കുകയാണ്. ഇവിടെയുള്ള അജിയുടെ പുസ്തകശേഖരം ഗ്രന്ഥശാലയ്ക്കു തന്നാല്‍ അത് വലിയൊരു സഹായമാവും.''
ബാക്കി എങ്ങനെയോ പൂരിപ്പിക്കുകയായിരുന്നു.
''ഏതു പുസ്തകം. എന്ത് പുസ്ത്കം? എനിക്കൊന്നുമറിയില്ല പിള്ളേരെ...''
അയാള്‍ ശാന്തനായി ഒഴിഞ്ഞുമാറാന്‍ തുടങ്ങിയപ്പോഴേക്കും കൂട്ടത്തിലെ ഫാസില്‍ ഇടയ്ക്ക് കയറി.
''ഭാസ്‌കരേട്ടന്റെ തട്ടില്‍പുറത്തെ ചാക്കുകെട്ടുകളില്‍ സൂക്ഷിച്ചിരിക്കണ പുസ്തകങ്ങളാണ് ഞങ്ങ ചോദിച്ചത്. അതവിടെക്കിടന്ന് ചെതല് തിന്നുന്നതിലും ഭേതമല്ലേ, ആരെങ്കിലുമൊക്കെ വായിക്ക്ണത്. അജിയുടെ സ്മാരകമായി ഞങ്ങത് സംരക്ഷിച്ചുകൊള്ളാം.''
''നിങ്ങടെ തുടക്കത്തീത്തന്നെ കാര്യനിയ്ക്ക് പിടികിട്ടീ. അതീന്ന് ഒരു പുസ്തകം പോയിട്ട് ഒരേട് കിട്ടീട്ട് നിങ്ങള് ഗ്രന്ഥശാല തുടങ്ങില്ല. അത് ചിതലിന് തിന്നാന്‍ തന്ന്യ ഇട്ടിരിക്കണ്. അവറ്റകള്‍ക്കെങ്കിലും പ്രയോജനം ഉണ്ടാവോലോ... ആര്‍ക്കാ ഇപ്പ ചേതം?''
പരിസരവും ഭാവവും മാറുന്നതായി അവരറിഞ്ഞു. ഭാസ്‌കരേട്ടനിലെ മൂശാട്ടക്കാരന്‍ പുറത്തു ചാടി.
''ഞങ്ങട ജീവിതം തകര്‍ത്ത പുസ്തകങ്ങളാണത്. പഠിക്കാനവന്‍ മിടുക്കായിരുന്നു. എന്തെല്ലാം പ്രതീക്ഷകളായിരുന്നുവെന്നോ ഞങ്ങക്ക്. ഈ വീട് കണ്ടോ നിങ്ങ? നിങ്ങള്‍ക്ക് രവീന്ദ്രന്‍ ഡോക്ടറെ അറിയില്ലേ? അവരൊന്നിച്ചാ ഇവിടേന്ന് പഠിക്കാന്‍ പോയത്. രവീടെ സ്ഥിതിയെന്താ ഇപ്പൊ? പണമോ പ്രതാപമോ ഒന്നും ഞങ്ങള്‍ക്ക് വേണ്ട. അവന്‍ കൂടെയുണ്ടായാ മതിയായിരുന്നു. അങ്ങടെ കുട്ടി വഴി തെറ്റിയത് ആ പുസ്തകങ്ങളൊക്കെ വായിച്ചാ...''
ഭാസ്‌കരേട്ടന്‍ നിന്ന് കിതച്ചു. തെല്ലിട ആരുമൊന്നും ഉരിയാടിയില്ല. അപ്പോഴേക്കും കാര്‍ത്ത്യായിനിച്ചേച്ചി കട്ടന്‍ ചായയുമായെത്തി.
''ദേ മക്കളെ... ഇത് കുടിക്ക്... എന്നിട്ടാവാം സംസാരം.''
![]() |
''ഭാസ്‌കരേട്ടോ... പുസ്തകമൊക്കെ വായിച്ച് ഇന്നാരെങ്കിലും വഴിതെറ്റുമെന്ന് തോന്നുന്നുണ്ടോ? അല്ലെങ്കിലും പുസ്തകങ്ങള്‍ എന്തു പിഴച്ചു? ഒരു നല്ല നാളെ സ്വപ്നം കാണാന്‍ എല്ലാവര്‍ക്കും അവകാശമില്ലെ. അജിയേട്ടനും അത്രയേ ചെയ്തുള്ളൂ. അതിലൊന്നും ഒരു തെറ്റും ഇല്ല്യ.''
കൂടെയുള്ള വിനോദിന്റെ വാക്കുകള്‍ക്കൊന്നും അയാളിലെ തീ കൊടുത്താനായില്ല. അത് ആളി കത്തുകയേ ഉണ്ടായുള്ളൂ.
''എന്നോടാരും സിദ്ധാന്തം വിളമ്പാന്‍ വരണ്ട. ഒക്കെ പൊയ്‌ക്കോ. ഇതിനായിട്ടാരും ഈ മുറ്റം കയറണ്ട.''
ആട്ടിപ്പുറത്താക്കുന്നതുപോലെ അലറിക്കൊണ്ട് അയാള്‍ അകത്തേക്കു കയറിപ്പോയി വാതില്‍ കൊട്ടിയടച്ചു.
''ഞാനപ്പഴേ കരുതിയതാ ഇത് ശരിയാവില്ലെന്ന്...''
തനിക്കുണ്ടായ അമര്‍ഷം അടക്കാന്‍ കഴിഞ്ഞില്ല. ഫാസില്‍ സമാധാനിപ്പിച്ചു.
''അത് സാരമില്ലെടോ... അയാളൊന്ന് ആറിത്തണുക്കട്ടെ. നമുക്ക് പ്രസിഡണ്ടിനേയും സെക്രട്ടറിയേയും പറഞ്ഞു വിടാം.''
പിറ്റേന്ന് വെളുപ്പിന് ഏതോ ഒരു സ്വപ്നത്തിന്റെ അവസാനമാണ് ആളിക്കത്തുന്ന തീ കണ്ടത്. കണ്ണുതുറന്നപ്പോഴാണ് അത് സ്വപ്നമല്ലെന്നറിഞ്ഞത്. തെക്കെ വേലിക്കപ്പുറം ആളിക്കത്തുന്ന തീ ജനാലഴിയിലൂടെ കാണാം. ഭാസ്‌കരേട്ടന്റെ വളപ്പിലാണ്. എഴുന്നേറ്റു പുറത്തേക്കു വന്നപ്പോള്‍ അനിയത്തി മുറ്റമടിക്കുകയാണ്.
''ഏട്ടാ... അജിയേട്ടന്റെ പുസ്തകങ്ങളാ കൂമ്പാരമിട്ട് കത്തിക്ക്ണത്. കാര്‍ത്ത്യായിനിചേച്ചിയുടെ കരച്ചില് കേട്ട് ചെന്നപ്പഴാ വിവരമറിയ്ണത്. അമ്മവടേയ്ക്ക് പോയിട്ട്ണ്ട്.''
അനിയത്തിയുടെ വിവരണം മുഴുവനാക്കുന്നതിനുമുമ്പ് അഴയില്‍നിന്നും ഷര്‍ട്ട് വലിച്ചെടുത്തിട്ട് ഭാസ്‌കരേട്ടന്റെ വളപ്പിലേക്കോടി. അകത്തേയ്ക്ക് കയറിച്ചെന്നപ്പോഴേക്കും ആളിക്കത്തുന്ന തീ മണ്ണോടമരാന്‍ തുടങ്ങിയിരുന്നു.
(2004)
Story & sketches are superb
മറുപടിഇല്ലാതാക്കൂഒരച്ഛന്റെ നൊമ്പരത്തീ!
മറുപടിഇല്ലാതാക്കൂ