
കഥ കുമ്പസാര രഹസ്യം സുനില്‍ പി. മതിലകം ഫെയ്‌സ് ബുക്കിന്റെ പേജ് തുറന്നുവച്ചു. ഓരോരോ പോസ്റ്റുകള്‍ ചിത്രങ്ങളായി, ലിപികളായി ചലിച്ചുകൊണ്ടിരുന്നു. ചിലതിനു ലൈക്കടിച്ചും മറ്റുചിലതിനു കമന്റിട്ടും അജി ആയാസപ്പെട്ട് കുനിയുകയും നിവരുകയും ചെയ്തു. പുറംവേദന കലശലായുണ്ട്. കണ്ണുകളില്‍ അസഹ്യമായ പുകച്ചില്‍... ടെച്ച് സ്‌ക്രീനില്‍ വിരല്‍തോണ്ടുമ്പോള്‍ വല്ലാത്തൊരു തരിപ്പ്. വിരലുകള്‍ ഐസ്സില്‍വച്ചതുപോലെ മരവിച്ചിരിക്കുന്നു. പഠിക്കുന്ന പുസ്തകം ഇതുപോലെ തുറന്നുവച്ചിരുന്നെങ്കില്‍ എന്നേ ഡിഗ്രി കടന്നാനെ... അമ്മയിത് പലപ്പോഴായി പറഞ്ഞ് കുത്തിനോവിക്കാറുണ്ട്. ഇത്തരം കാര്യങ്ങള്‍ പലതും പറഞ്ഞുകൊണ്ടിരിക്കുന്നത് അമ്മയിപ്പോള്‍ പതിവാക്കിയിട്ടുണ്ട്. ഈ പരിഹാസവും ആ കൂട്ടത്തില്‍ അവഗണിക്കാറാണു പതിവ്. മൊബൈല്‍ ഫോണിലെ നെറ്റ്‌വര്‍ക്ക് വല്ലാത്തൊരു മായികവലയമാണെന്നു ബോധ്യമാകുന്നു... അഴിക്കാമെന്നു കരുതുമ്പോഴൊക്കെ അത് കൂടുതല്‍ കൂടുതല്‍ വരിഞ്ഞുമുറുക്കിക്കൊണ്ടിരിക്കും. ചിലര്‍ വന്നുപെട്ടാല്‍ പിന്നെ പറയുകയുംവേണ്ട. ബന്ധങ്ങള്‍ അറ്റുപോകുന്ന കൂരാക്കുരുക്ക്. അരികിലുളളവരെ അറിയുന്നില്ല. സംസാരം നന്നേ കുറഞ്ഞു. വായന തീരെ ഇല്ലാതെയായി...