
അനുസ്‌മരണം മുല്ലനേഴി മാഷിന് ആചാരവെടിയാവശ്യമില്ല... സുനില്‍ പി. മതിലകം കഥാകൃത്ത് അശോകന്‍ ചരുവില്‍ വിശേഷിപ്പിച്ചതുപോലെ കാവ്യത്തിന്റെ സ്‌നേഹരൂപമായ മുല്ലനേഴി, കവി എന്നതിലുപരി മനുഷ്യസ്‌നേഹത്തിന്റെ ഉദാത്തമൂല്യകള്‍ പരിരക്ഷിച്ചുപോന്ന വ്യക്തിത്വത്തിനുടമകൂടിയായിരുന്നു. ചെറിയവരെന്നോ വലിയവരെന്നോ ഉള്ള പരിഗണന തീരെയില്ലാത്ത, എഴുത്തുകാരുടെ പതിവുജാഢകള്‍ അണിയാത്ത ഒരതുല്യപ്രതിഭാശാലിയാണ് നമുക്കിടയില്‍ നിന്ന് പൊടുന്നനെ മറഞ്ഞുപോയത്. എഴുത്തിലും പ്രസംഗത്തിലും ഒതുങ്ങി മാറിനില്‌ക്കുന്ന പ്രകൃതക്കാരനായിരുന്നില്ല അദ്ദേഹം, മികച്ചൊരു സാംസ്‌കാരിക-രാഷ്‌ട്രിയ പ്രവര്‍ത്തകനും മുന്നണിപോരാളിയും കൂടിയായിരുന്നു. കവി, നടന്‍, ഗാനരചയിതാവ്, അധ്യാപകന്‍ എന്നീനിലകളില്‍ സര്‍ഗ്ഗവൈഭവം തെളിയിച്ച മുല്ലന്‍മാഷെന്ന് അടുപ്പകാര്‍ വിളിക്കുന്ന മുല്ലനേഴി നീലകണ്‌ഠന്‍ കവിതകളും ഗാനങ്ങളും നാടകഗാനങ്ങളും നാടോടിഗാനങ്ങളും മലയാളത്തിനായി സമര്‍പ്പിച്ചിട്ടുണ്ട്. അടുത്തിടെ അന്തരിച്ച ചലച്ചിത്രകാരന്‍ അസീസിന്റെ ഞാവല്‍പ്പഴം എന്നസിനിമയ്‌ക്കുവേണ്ടി ശ്യാം സംഗീതം നല്‌കിയ `കറുകറുത്തൊരു പെണ്ണാണ്...' എന്ന ഗാനത്തിന്റെ രചനയിലൂടെയാണ് മു...