ഇതിഹാസ മതിലകം - ഒരു വായന

'ഇതിഹാസ മതിലകം ചരിത്രവും വർത്തമാനവും' എന്ന ഗ്രന്ഥത്തിലൂടെ  മതിലകം തന്നെ ഇതിഹാസമായി കൽപ്പിച്ചിരിക്കുകയാണ് സുനിൽ പി മതിലകം.

ഒരു ദേശത്ത് ജനിച്ചു വളർന്ന് തൻ്റെ കർമ്മങ്ങൾ കൊണ്ട് കാലത്തിൻ്റെ കയ്യൊപ്പ് ചാർത്താൻ സാധിച്ച എഴുത്തുകാരനും പ്രസാധകനും പത്രാധിപനുമാണ് സുനിൽ പി. മതിലകം.

'ഇതിഹാസ മതിലകം - ചരിത്രവും വർത്തമാനവും' എന്ന ഗ്രന്ഥരചനയിലൂടെ എഴുത്തുകാരൻ ഒരു പൊൻകിരീടം ചാർത്തിയിരിക്കുകയാണ്. തൃശ്ശൂർ ജില്ലയിലെ മതിലകം ദേശത്തിന്റെ ചരിത്രവും സംസ്കാരവും സമകാലിക സംഭവങ്ങളും എല്ലാം ചേർത്ത് ഭംഗിയായി ഈ ഗ്രന്ഥത്തിലൂടെ ആവിഷ്കരിച്ചിരിക്കുന്നു.  ഇതിനെ ബൃഹത്തായ ഗവേഷണ പ്രബന്ധമായി കാണേണ്ടിയിരിക്കുന്നു. അത്രമാത്രം സമർപ്പിതമായ രേഖപ്പെടുത്തലാണ് 'ഇതിഹാസം മതിലക'ത്തിലൂടെ ഗ്രന്ഥകാരൻ നടത്തിയിട്ടുള്ളത്.  

ഒരു ദേശത്തിൻ്റെ മണ്ണ് മുതൽ സാധാരണ മനുഷ്യർ വരെ, പ്രാചീന ചരിത്രം മുതൽ വർത്തമാനകാലം വരെ, അതിലെ ഓരോ ബിന്ദുവും സൂക്ഷ്മമായി പ്രതിപാദിക്കപ്പെട്ടിരിക്കുന്നു.
 പതിനാല് ഭാഗങ്ങളും 504 പേജുകളുമുളള ഈ ബൃഹത് കൃതി മതിലകത്തിന്റെ ഒരു വിജ്ഞാനകോശമാണ്.
മതിലകത്തെ സംബന്ധിച്ച എന്തും നമുക്ക് ഈ കൃതിയിൽ നിന്ന് വായിച്ചെടുക്കാം.
ഒരു ദേശത്തെ സംബന്ധിക്കുന്ന എല്ലാം തന്നെ വായനക്കാരന്റെ കൺമുന്നിൽ സജീവ ചിത്രങ്ങളായി വന്നു നിറയുന്നു.   ദേശത്തിൻ്റെ വള്ളിപുള്ളി വിട്ടുപോകാത്ത  വായനാനുഭവമാണ് 'ഇതിഹാസ മതിലകം' നമുക്ക് നൽകുന്നത്.

അഞ്ചുവർഷത്തെ പരിശ്രമത്തിന്റെ പരിണിതഫലമാണ് ഈ ഗ്രന്ഥമെന്നാണ് മുഖവുരയിൽ ഗ്രന്ഥകാരൻ പറഞ്ഞിട്ടുള്ളത്. പക്ഷേ, അഞ്ചുവർഷമല്ല, ഒരായുഷ്കാലത്തിന്റെ സാഫല്യമാണ് ഈ ഗ്രന്ഥ രചനയിലൂടെ ഗ്രന്ഥകാരൻ സാധ്യമാക്കിയത്. മതിലകത്തിന് മറക്കാൻ കഴിയാത്ത മനുഷ്യനായി ഇതോടെ സുനിൽ  മാറിയിരിക്കുകയാണ്. 

സാക്ഷ്യങ്ങളായി സംസാരിക്കുന്ന ചിത്രങ്ങളും പ്രതിപാദന രീതിയും ഈ കൃതിക്ക് മാറ്റുകൂട്ടുന്നു. ഇനിയും ഇതുപോലെയുള്ള രചനകൾ നിർവഹിക്കാൻ സുനിലിന് സാധ്യമാകട്ടെ എന്ന  ആശംസകളോടെ, പ്രണാമ പൂർവ്വം നിർത്തുന്നു.
✒️
ഡോ.  ഗീതാ സുരാജ്

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഇതിഹാസ മതിലകം - ചരിത്രവും വർത്തമാനവും

റഹ്‌മാന്‍ വാടാനപ്പള്ളി

കഥ / കേട്/ സുനിൽ പി. മതിലകം