ഇതിഹാസ മതിലകം - ചരിത്രവും വർത്തമാനവും
ഒരു ദേശത്തിൻ്റെ ഹൃദയസ്പന്ദനം ✒️ റജീന റഹ്‌മാൻ ഒരു ദേശത്തിന്റെ അത്മാവിനെയാണ് അതിന്റെ ചരിത്രം പ്രതിനിധീകരിക്കുന്നത്. തൃശൂർ ജില്ലയിലെ മതിലകം എന്ന പ്രാദേശിക ഭൂഭാഗം പൗരാണികതയുടെ താളത്തിൽ നിന്ന് സമകാലിക യാഥാർത്ഥ്യത്തിലേക്ക് കാലചക്രം വഴുതിച്ചെന്നു വരയ്ക്കുന്ന കൃതിയാണ് 'ഇതിഹാസ മതിലകം -ചരിത്രവും വർത്തമാനവും' എഴുത്തുകാരനായ സുനിൽ പി. മതിലകം തന്റെ സമഗ്രമായ ഗവേഷണശ്രമത്തിലൂടെ നാടിന്റെ മുഴുവൻ ദിശകളിലും ആഴത്തിൽ സ്പർശിച്ചെഴുതിയ ഈ കൃതി ജനകീയ ചരിത്രരചനയുടെ ഒരു മികവുറ്റ മാതൃകയാണ് എന്നു പറയാം. ചിലപ്പതികാരത്തിലെ ജൈന കാവ്യസന്ദർഭങ്ങൾ മുതൽ അയ്യപ്പന്റെ മിശ്രഭോജനത്തിൽ ഉൾപ്പെട്ട മത സംഹിതാപരമായ മാറ്റങ്ങളെയും, ക്രൈസ്തവ പള്ളികളെയും ക്ഷേത്രങ്ങളെയും മുസ്ലീം മസ്ജിദുകളെയും, മറ്റ് ജാതി മത ആചാരപരിഷ്കാരചലനങ്ങളെയും ഇതിൽ വരച്ചുകാട്ടുന്നു. രാകേഷ് നാഥ് തന്റെ അവതാരികയിൽ ഈ കൃതിയെ സത്യാന്വേഷണത്തിന്റെയും ചരിത്രബോധത്തിന്റെയും ഒരു കരുത്തുറ്റ തെളിവായി വിശകലനം ചെയ്യുന്നു. മതിലകത്തെ വിദ്യാഭ്യാസ, സാമൂഹിക, കായിക, പരിസ്ഥിതി, സാംസ്കാരിക മേഖലകളെ പറ്റിയുള്ള സംഗ്രഹം മാത്രമല്ല, രാഷ്ട്രീയ സംഘർഷങ്ങളും ആരോഗ്യരംഗത്തുണ്ടായ മാറ്റങ...