
കഥ / സുനില്‍ പി. മതിലകം അ ല്ലെങ്കിലും ഇതിപ്പൊ ഒരു പതിവായിട്ടുണ്ട്. ഇന്നത് പറയരുതെന്ന് കരുതിയാല്‍, അത് പറഞ്ഞേ തീരൂ. ഇന്നത് ഓര്‍ക്കരുതെന്ന് ഉറച്ചാല്‍, അതെന്നെ ഓര്‍ത്തിരിക്കും. ഇന്നത് പറയണമെന്ന് മനസ്സിലുരുവിട്ടിരുന്നാല്‍, അതൊട്ടുപറയാനുമൊക്കില്ല. ഈയൊര വസ്ഥയില്‍ നിന്ന് താന്‍ മോചിതനാകുന്നില്ലല്ലൊ... ``അച്ഛന് പറ്റിയതല്ല, കച്ചോടം. ഈ മനസ്സുമായി കച്ചോടം ചെയ്‌താ ഇനിയുള്ളതുകൂടി വിറ്റുതുലയ്‌ക്കേണ്ടി വരും'' പഴിക്കുന്നത് മകനാണ്. കേള്‍ക്കുന്നത് ഒരു പലചരക്കുപീടികക്കാരനായ അച്ഛനും. അവനത് പറയാനുള്ള അവകാശം വകവെച്ചുകൊടുത്തേ പറ്റൂ. തന്നിലെന്തെങ്കിലും പ്രത്യാശയര്‍പ്പിക്കാന്‍ അവനെന്നല്ല, ഒരു മക്കള്‍ക്കും സാധിക്കില്ലെന്ന വിചാരം വാസുവേട്ടനെ നിരന്തരം അലട്ടിക്കൊണ്ടിരുന്നു. അച്ഛാച്ചന്റെ അച്ഛനായിട്ട് പണികഴിപ്പിച്ച പഴയൊരു വീടാണുള്ളത്. വെട്ടം കടന്നുവരാന്‍ മടിക്കുന്ന ഇടുങ്ങിയ മുറികളുള്ള പഴയൊരു ഓടിട്ട വീട്. അതിന്റെ തട്ടിന്‍പുറം പല കമ്മ്യൂണിസ്റ്റുകാര്‍ക്കും അഭയമായിട്ടുണ്ട്. മറ്റൊരു രസകരമായ സംഗതി, അച്ഛന്‍ കറകളഞ്ഞ കോണ്‍ഗ്രസ്സുകാരനായിരുന്നു. എന്നിട്ടും, കമ്മ്യൂണിസ്റ്റ് സഖാക്കളോട്...